ഹരിപ്പാട് : ജലോത്സവ കാലത്തിന് തുടക്കമായതോടെ നാടാകെ ആവേശത്തിലാണ്. എന്നാൽ, മത്സരത്തിന് കളിക്കളമില്ലാത്തതിന്റെ നിരാശയിലാണ് പല ചുണ്ടൻവള്ള സമിതികളും.
ലക്ഷണമൊത്ത ഒരുചുണ്ടൻവള്ളം നീരണിയാൻ അരക്കോടിയോളം രൂപ വേണ്ടിവരും.
നാട്ടുകാരിൽ നിന്ന് ഓഹരി പിരിച്ചും വള്ളംകളി പ്രേമികളിൽ നിന്ന് പണം സ്വീകരിച്ചും
വള്ളം പണിതിറക്കുമ്പോൾ, മത്സരത്തിന് മാർഗ്ഗമില്ലെന്നത് കരക്കാരെയും വള്ളസമിതികളെയും ഒരുപോലെ നിരാശപ്പെടുത്തുന്നുണ്ട്. നെഹ്റു ട്രോഫിയിൽ 16 ചുണ്ടൻ വള്ളങ്ങൾക്കും ചാമ്പ്യൻസ് ബോട്ട് ലീഗിൽ 9 വള്ളങ്ങൾക്കും മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്. മത്സരത്തിന്റെ ആദ്യ 9 സ്ഥാനങ്ങളിലെത്താൻ കഴിയാത്ത ബോട്ട് ക്ലബുകൾ ഗ്രേഡ് ബി യിലേക്ക് തരം താഴ്‌ത്തപ്പെടുകയാണ് പതിവ്. പുതിയ വള്ളങ്ങളുടെ നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയോ, എല്ലാ വള്ളങ്ങൾക്കും മത്സരത്തിന് അവസരം ഒരുക്കുകയോ ചെയ്യണമെന്നാണ് കരക്കാരുടെയും ചുണ്ടൻവള്ള സമിതികളുടെയും ആവശ്യം.
ചുണ്ടൻവള്ള സമിതികളുടെ നട്ടെല്ലൊടിക്കും
1.ഈ സീസണിൽ മത്സരിക്കാൻ വീയപുരം പഞ്ചായത്തിൽ നിന്ന് മൂന്ന് പുത്തൻ ചുണ്ടനുകളാണ് അണിഞ്ഞൊരുങ്ങുന്നത്. 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച മേൽപ്പാടം ചുണ്ടൻ നീരണിഞ്ഞത് കഴിഞ്ഞ ദിവസമാണ്
2.അപ്പർ കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിൽ മാത്രം എട്ട് ചുണ്ടൻ വള്ളങ്ങളുണ്ട്. ചെറുതന പഞ്ചായത്തിൽ നാലും കരുവാറ്റയിൽ രണ്ടും കാർത്തികപ്പള്ളി തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഓരോന്നുമുണ്ട്
3.കുട്ടനാട്ടിലാകട്ടെ ആലപ്പാട് മൂന്നു തൈയ്ക്കക്കൻ, സെന്റ് ജോസഫ്, സെന്റ് ജോർജ്ജ്, സെന്റ് പയസ്, ജവഹർ തായങ്കരി, ചമ്പക്കുളം, നടുഭാഗം ശ്രീമഹാദേവൻ തുടങ്ങി നിരവധി ചുണ്ടൻ വള്ളങ്ങളുണ്ട്
കോർപ്പറേറ്റ് ക്ലബുകൾ രംഗത്ത് എത്തിയതോടെ മത്സരങ്ങളുടെ ഗതി തന്നെ മാറി. വള്ളങ്ങളെ മത്സരത്തിനെടുക്കണമെങ്കിൽ ക്ലബുകൾക്ക് വള്ളത്തിന്റെ നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ പണം നൽകണം
- ചുണ്ടൻവള്ള സമിതി ഭാരവാഹികൾ