മാവേലിക്കര : തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ സംസ്ഥാന സർക്കാർ നിർമ്മിച്ച ലൈഫ് ഫിറ്റ്നസ് കേന്ദ്രം നാളെ വൈകിട്ട് 4ന് കായിക മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. വർദ്ധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും ആരോഗ്യമള്ള ജനതയെ വാർത്തെടുക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലേക്കുമായി ആവിഷ്‌കരിച്ച ലൈഫ് ഫിറ്റ്‌നസ് സെന്റർ പദ്ധതിയുടെ ഭാഗമായാണ് മാവേലിക്കരയിലും ആരംഭിച്ചത്. കായിക താരങ്ങൾക്കും പൊതുജനത്തിനും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന നിലയിലാണ് സെന്റർ വിഭാവനം ചെയ്തിട്ടുള്ളത്.
ശീതീകരണ സംവിധാനം, എൽ.ഇ.ഡി ലൈറ്റുകൾ, ചെയ്ഞ്ച് റൂമുകൾ, ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾക്ക് പുറമേ ആധുനിക ഫിറ്റ്നസ് ഉപകരണങ്ങൾ, സ്പോർട്സ് ഫ്‌ലോറിംഗ്, സി.സി.ടി.വി ക്യാമറ, ലോക്കർ സൗകര്യങ്ങൾ എന്നീ സംവിധാനങ്ങളുമുണ്ട്. കായിക യുവജനകാര്യ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.