മാവേലിക്കര: വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്‌കൂളിൽ വിദ്യാധിരാജ അന്നപൂർണ്ണ പദ്ധതിയ്ക്ക് തുടക്കമായി. വിതരണോദ്‌ഘോടനം ആർ.എസ്.എസ് പ്രാന്ത പ്രചാരക് സുദർശൻ നിർവ്വഹിച്ചു. മാനേജിങ് ട്രസ്റ്റി എം.എൻ. ശശിധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ.ബി.സന്തോഷ് പദ്ധതി വിശദീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി വി.അനിൽകുമാർ, ജനസേവാ സമിതി ചെയർമാൻ സി.എസ്.മോഹൻ, കെ.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്‌കൂളിലെ എല്ലാ കുട്ടികളും അവരുടെ വീട്ടിൽ ഓരോ ദിവസവും ഒരു പിടി അരി മാറ്റിവെച്ച് മാസാവസാനം അത് സ്‌കൂളിൽ എത്തിക്കും. ഇങ്ങനെ ശേഖരിക്കുന്ന അരി രോഗികൾ, മക്കൾ ഉപേക്ഷിച്ച വൃദ്ധരായ മാതാപിതാക്കൾ, അനാഥർ, ജോലി ചെയ്ത് ജീവിക്കാൻ ആരോഗ്യമില്ലാത്തവർ തുടങ്ങിയവർക്കാണ് വിതരണം ചെയ്യുന്നത്.