ആലപ്പുഴ : വീടിന് മുകളിലേക്ക് അപകടകരമായി നിൽക്കുന്ന ആഞ്ഞിലിമരം മുറിച്ചുമാറ്റാൻ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർക്ക് അനക്കമില്ല. മുതുകുളം പഞ്ചായത്ത് 11-ാം വാർഡിൽ പുത്തോത്തിൽ വീട്ടിൽ വൈ.ഗീതയുടെ വീടിന് ഭീഷണിയായിട്ടാണ് ആഞ്ഞിലിമരം നിൽക്കുന്നത്. കഴിഞ്ഞ മാസം പരാതിനൽകിയെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ഗീത പറയുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന കളക്ടറുടെ നിർദ്ദേശം നിലനിൽക്കെയാണ് പഞ്ചായത്തിന്റെ കുറ്റകരമായ മൗനം.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വാഴവന തോടിന്റെ വശത്തായിട്ടാണ് മരം നിൽക്കുന്നത്. നല്ല കുത്തൊഴുക്കുള്ള തോടിന്റെ വശങ്ങളിലെ പലഭാഗവും ഇടിഞ്ഞ നിലയിലുമാണ്. ശക്തമായ കാറ്റിലും മഴയിലും ഏതുനിമിഷവും മരം വീടിന്റെ മുകളിൽ വീഴാം. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ജീവന് ഇത് ഭീഷണിയാണ്.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം
സ്ഥല പരിശോധന നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ മരത്തിന്റെ ചില്ല ഒടിഞ്ഞ് വീഴുകയും ചെയ്തു.
ഒരുമാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 111അപേക്ഷകളാണ് ലഭിച്ചത്. ഇന്ന് ട്രീകമ്മിറ്റി ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും
- അനിൽകുമാർ, സെക്രട്ടറി ഇൻ ചാർജ്ജ്, മുതുകുളം ഗ്രാമപഞ്ചായത്ത്
ജീവന് ഭീഷണിയായ മരം മുറിച്ചുമാറ്റാത്തതിൽ കളക്ടർക്ക് പരാതി നൽകും
- വൈ.ഗീത, പരാതിക്കാരി