ആലപ്പുഴ : ഡിസ്ചാർജ് കാർഡും ലാബ് പരിശോധനയ്ക്കുള്ള ഫോമും ഇല്ലാതെ മെഡിക്കൽ കോളേജ് ആശുപത്രി. ഡിസ്ചാർജ് ചെയ്യണമെങ്കിൽ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് നൽകേണ്ട ഗതികേടിലാണ് രോഗികൾ. ഗ്ലൗസ്, സിറിഞ്ച് തുടങ്ങിയവയ്ക്കും ആശുപത്രിയിൽ ക്ഷാമം തന്നെ.
കേസ് ഷീറ്റ് വിതരണം സർക്കാർ നിർത്തിയതോടെ ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് കഴിഞ്ഞ ആറുമാസമായി കേസ് ഷീറ്റ് അച്ചടിച്ച് രോഗികൾക്ക് നൽകുന്നത്. പ്രതി വർഷം അരലക്ഷത്തിൽ അധികം രോഗികളെയാണ് കിടത്തി ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതിനായി ഭാരിച്ച തുക വികസനസമിതിയ്ക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഇതോടെ, അടിയന്തര ഘട്ടങ്ങളിൽ യന്ത്രങ്ങളുടെ തകരാർ പരിഹരിക്കുന്നതിന് പോലും ഫണ്ട് ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.