ആലപ്പുഴ : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ആലപ്പുഴയ്ക്ക് നിരാശ മാത്രം. കാർഷിക, ടൂറിസം , വ്യവസായ, ആരോഗ്യ രംഗങ്ങളിൽ പുതിയ പദ്ധതികളൊന്നും പരിഗണിക്കപ്പെടാതെപോയതിനൊപ്പം ആലപ്പുഴയുടെ എയിംസ് സ്വപ്നങ്ങളും അവഗണിക്കപ്പെട്ടു.
പരമ്പരാഗത വ്യവസായമായ കയറിനെയും കയറുൽപ്പന്നങ്ങളെയും സംരക്ഷിക്കാനോ നെല്ലറയായ കുട്ടനാടിന്റെ രക്ഷക്കായുള്ള പാക്കേജോ പരാമർശിക്കപ്പെടാത്തതിൽ നിരാശയിലാണ് ആലപ്പുഴക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം വൻതോതിൽ വർദ്ധിച്ചതോടെ ആലപ്പുഴയെ കേന്ദ്ര സർക്കാർ പരിഗണിക്കുമെന്നായിരുന്നു പരക്കെയുള്ള വിശ്വാസം. കുട്ടനാടിനെ വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് രക്ഷിക്കുന്നതിനുമുള്ള ശുപാർശകളിലും അനുകൂല നിലപാടൊന്നുമുണ്ടായില്ല.
ഗതാഗത മേഖലയിൽ ദേശീയജലപാത വികസനത്തിന് പുറമേ വാട്ടർ മെട്രോ, ഗേറ്റ് രഹിത ലെവൽ ക്രോസിംഗ്,ടൂറിസം രംഗത്ത് അന്താരാഷ്ട്ര ടൂറിസം ഹബ്ബ്പദ്ധതിയും പ്രഖ്യാപനങ്ങളിലൊതുങ്ങി. തീരസംരക്ഷണമുൾപ്പെടെ ആലപ്പുഴയുടെ തീരദേശം കാത്തിരുന്ന പദ്ധതികളിലൊന്നുപോലും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനത്തിലുണ്ടായില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ശാക്തീകരണത്തിനായി പ്രഖ്യാപിച്ച ആരോഗ്യ , വിദ്യാഭ്യാസ, തൊഴിൽ പദ്ധതികളിലും ചുരുക്കം ചിലവ ഒഴിച്ചാൽ സർക്കാരിന്റെ അവഗണനയാണ് ദൃശ്യമായത്.