ph

കായംകുളം : കെ.പി.റോഡിൽ റെയിൽവേ മേൽപ്പാലത്തിനടിയിലെ വെള്ളക്കെട്ട് ഒഴിവാക്കുവാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ട് കുരുക്ക് രൂക്ഷമാകും. 27മുതൽ ആഗസ്റ്റ് രണ്ടുവരെയാണ് അറ്റകുറ്റപ്പണി. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് തിരക്കേറിയ റോഡിൽ ഗതാഗതം നിരോധിക്കുന്നത്.

ചെറിയ വാഹനങ്ങൾക്ക് സമീപമുള്ള റെയിൽവേ അടിപ്പാതകൾ വഴി കടന്നുപോകാൻ കഴിയുമെങ്കിലും ഇവിടുത്തെ വലിയവെള്ളക്കെട്ട് തടസമാണ്. വടക്കുഭാഗത്തുള്ള ചെറിയ അടിപ്പാത വെള്ളത്തിലാണ്. ഇതേപ്പറ്റി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ മുക്കവലയിൽ നിന്ന് കിഴക്കോട്ട് സഞ്ചരിച്ച് ഒന്നാംകുറ്റി റോഡിലേക്കും കെ.പി റോഡിലേക്കും പ്രവേശിക്കാൻ കഴിയുന്ന മാർഗംകൂടിയാണിത്. റെയിൽവേ സ്റ്റേഷനു കിഴക്കുഭാഗത്തുള്ളവർക്ക് സ്റ്റേഷനിലേക്കും നഗരത്തിലേക്കും വേഗത്തിൽ എത്താൻ സഹായിക്കുന്ന ഈ അടിപ്പാതയിൽ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്.

ബസ് സർവീസിനെ ബാധിക്കും

 നേരത്തെ ഇവിടെ ഭിത്തി ബലപ്പെടുത്തുന്നതിനെയി മാസങ്ങളോളം റോഡ് അടച്ചിരുന്നു

 കായംകുളം-അടൂർ ഭാഗത്തേക്കുള്ള ബസ് സർവ്വീസിനെ ഗതാഗത നിരോധനം ബാധിക്കും

 വലിയ വാഹനങ്ങൾ കൃഷ്ണപുരം വഴി ചുറ്റിക്കറങ്ങി പോകേണ്ടിവരും.

റെയിൽവേയുടെ വടക്ക് വശത്തെ പാലത്തിന്റെ താഴെഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മാനേജർക്ക് കത്ത് നൽകി.

- പി.ശശികല, ചെയർപേഴ്സൺ,കായംകുളം നഗരസഭ