അമ്പലപ്പുഴ: കപ്പലിൽ ജോലിക്കു പോയ മകന് എന്തു സംഭവിച്ചെന്നറിയാതെ കണ്ണീർക്കടലിൽ ഒരു കുടുംബം. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡ് വൃന്ദാവനം വീട്ടിൽ ബാബു - സന്ധ്യ ദമ്പതികളാണ് മകൻ വിഷ്ണുവിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്ത് ദിവസങ്ങൾ തള്ളിനീക്കുന്നത്.
ഒഡീഷയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ ചരക്കുകപ്പലിലെ ട്രെയിനി ആയിരുന്ന വിഷ്ണു (25)വിനെയാണ് കപ്പലിൽ നിന്ന് കാണാതായത്. കഴിഞ്ഞ 17ന് രാത്രിയിലാണ് വിഷ്ണു ഒടുവിലായി വീട്ടിലേക്ക് വിളിച്ചത്. തന്റെ ഫോണിലെ നെറ്റ് തീർന്നതിനാൽ സുഹൃത്തിന്റെ മൊബൈലിൽ നിന്നായിരുന്നു വിളി. ഇതിന്റെ അടുത്ത ദിവസം രാവിലെ 10 മണിക്ക് കപ്പലിലെ കപ്പിത്താനും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗവും ചേർന്ന് ബാബുവിനെ ഫോണിൽ വിളിച്ച് വിഷ്ണുവിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതറിഞ്ഞതുമുതൽ ആകെ തകർന്ന അവസ്ഥയിലാണ് ബാബു. അമ്മ സന്ധ്യ പിന്നീട് ആരോടും സംസാരിച്ചിട്ടില്ല. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരി എന്താണ് സംഭവിച്ചതെന്നറിയാതെ ചിരിച്ചും കളിച്ചും വീട്ടിൽ ഓടിനടക്കുന്നു. ഇടക്കിടെ ബാബു മകനു കിട്ടിയിട്ടുള്ള പുരസ്കാരങ്ങൾ തൂത്തു തുടച്ചും ഫോട്ടോകൾ നോക്കിയും നെടുവീർപ്പിടും.
ഇന്തോനേഷ്യയുടേയും, മലേഷ്യയുടെയും ഇടയിലെ കപ്പൽ ചാലിൽ വെച്ചാണ് വിഷ്ണുവിനെ കാണാതായത്.വിഷ്ണുവിന്റെ ചെരുപ്പുകൾ ഡക്കിൽ നിന്നും പഴ്സും, ഫോണും മുറിയിൽ നിന്നും കിട്ടിയിരുന്നു. കപ്പലിൽ സി.സി ടിവി ഇല്ലാത്തതിനാൽ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. ഇരു രാജ്യങ്ങളുടേയും മദ്ധ്യയായതിനാൽ രണ്ടു രാജ്യങ്ങളും അന്വേഷണം നടത്തുന്നുമില്ല. കെ.സി.വേണുഗോപാൽ എം.പി, സുരേഷ് ഗോപി എം.പി, ശോഭാ സുരേന്ദ്രൻ, എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ വീട്ടിലെത്തുകയും എംബസി മുഖേന അന്വേഷണം ഊർജിതമാക്കാമെന്ന് പറയുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരും, ഇന്ത്യൻ എംബസിയും ഇടപെട്ടാൽ മാത്രമെ വിഷ്ണുവിന് എന്തു സംഭവിച്ചെന്ന് വ്യക്തമാകൂ എന്ന് ബാബു പറയുന്നു. മേയ് 25നാണ് വിഷ്ണു ഡിനേ മറൈൻ കമ്പനിയിൽ ട്രെയിനിയായി കയറിയത്. ബാബു ലീഗൽ മെട്രോളജി വകുപ്പിൽ നിന്നും 2017ൽ വിരമിച്ച ശേഷം ലോട്ടറി ഏജൻസി നടത്തി വരുകയാണ്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു വിഷ്ണു .