ആലപ്പുഴ : നഗരത്തിലെ ഏറ്റവും തിരക്കുള്ള ജനറൽ ആശുപത്രി ജംഗ്ഷന് സമീപം സീബ്രാ ലൈനില്ലാത്തത് വിദ്യാർത്ഥികളെ അപകടത്തിലേക്ക് നയിക്കുന്നു. കഴിഞ്ഞദിവസം മാഞ്ഞു തുടങ്ങിയ സീബ്രാ ലൈൻ ഭാഗത്ത് കൂടി റോഡ് മുറിച്ചു കടക്കവേ ഗവ. ഗേൾസ് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് സാരമായി പരിക്കേറ്റു. കുട്ടിയുടെ മുൻനിരയിലെ പല്ലുകൾ തകർന്നു. വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. നാല് കുട്ടികൾ റോഡിന് ഇരുവശവും നോക്കി വാഹനമില്ലെന്ന് ഉറപ്പുവരുത്തിയാണ് മുന്നോട്ട് നീങ്ങിയത്. എന്നാൽ ട്രാഫിക് സിഗ്നൽ മാറിയതോടെ ബൈക്ക് കുതിച്ചെത്തുകയായിരുന്നു. ഇവിടെ വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് നിലവിൽ സീബ്രാ ലൈനുകളുടെ സ്ഥിതി. ജംഗ്ഷനിലെ സിഗ്നൽ കടന്ന് അതീവ വേഗതയിലാണ് വാഹനങ്ങൾ പാഞ്ഞെത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമേ, ജനറൽ ആശുപത്രി, രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെത്തുന്നവരും ഏറെപണിപ്പെട്ടാണ് ഈ ഭാഗത്ത് റോഡ് മുറിച്ചു കടക്കുന്നത്. . സ്കൂളിന് മുൻവശത്തെ പാതയിൽ സീബ്രാ ലൈൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പി.ടി.എ കത്ത് നൽകി.
പൊലീസ് എവിടെ ?
അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ രാവിലെയും വൈകിട്ടും കുട്ടികളുടെ സുരക്ഷയ്ക്കായി ഗവ ഗേൾസ് സ്കൂളിന് മുൻവശം പൊലീസ് ഡ്യൂട്ടിക്കുണ്ടായിരുന്നു
എന്നാൽ പിന്നീട് പൊലീസിനെ കണ്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എല്ലാ ദിവസവും ഇവിടെ പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്നു.
അദ്ധ്യാപകരാണ് ഇപ്പോൾ കുട്ടികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ പശ്ചാത്തലത്തിൽ പി.ടി.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
ട്രാഫിക് സിഗ്നൽ തെളിയുന്നതടെ വാഹനങ്ങൾ വേഗതയിലാണ് പാഞ്ഞെത്തുന്നത്. രാവിലെയും വൈകിട്ടും സ്കൂളിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ വേണം
-അഫ്സൽ, പി.ടി.എ പ്രസിഡന്റ്