viralatayala-vidagdar-

മാന്നാർ: എണ്ണയ്ക്കാട് വില്ലേജ്‌ ഓഫീസ്, ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ മോട്ടോറുകൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എണ്ണയ്ക്കാട് ഗവ.യുപി സ്‌കൂളിലെയും വില്ലേജ് ഓഫീസിലെയും മോട്ടോറുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. രണ്ടിടങ്ങളിലും കിണറിന് സമീപം സ്ഥാപിച്ച മോട്ടോർ പൈപ്പ് ലൈനിൽനിന്ന് അറുത്തുമാറ്റിയാണ് മോഷ്‌ടിച്ചത്. പുലർച്ചെ 5.30ന് ഒരു സ്ത്രീയും പുരുഷനും മോട്ടോറും കൊണ്ട് സ്കൂ‌ട്ടറിൽ കയറിപ്പോകുന്നത് കണ്ടതായി സമീപവാസി പറഞ്ഞിരുന്നു. ശനിയാഴ്ച രാവിലെയാണ് എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ മോട്ടോർ മോഷണം പോയത്. എണ്ണയ്ക്കാട് ഗവ.യുപി സ്‌കൂളിലെ മോഷണ വിവരം തിങ്കളാഴ്ചയാണ് സ്‌കൂൾ അധികൃതർ അറിഞ്ഞത്. ശനിയാഴ്ച സ്കൂളിൽ ക്‌ളാസില്ലായിരുന്നു. പ്രധാനാധ്യാപിക ക്ലസ്റ്റർ പരിശീലനത്തിനു പോയി, സ്കൂളിലെ ജീവനക്കാരി ഓഫീസിൽ വന്നെങ്കിലും ക്ലാസില്ലാത്തതിനാൽ മോട്ടോർ വെച്ചിരുന്ന ഭാഗം ശ്രദ്ധിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കാനെത്തിയവരാണ് മോട്ടോർ മോഷണം പോയതായി കണ്ടത്. 4500 രൂപ വില വരുന്ന പുതിയ മോട്ടോർ കഴിഞ്ഞ മാർച്ചിൽ സ്ഥാപിച്ചതാണെന്നും പടിഞ്ഞാറു ഭാഗത്തെ മറ്റൊരു കിണറിനോടുചേർന്നുള്ള പഴയ മോട്ടോർ മോഷ്ടിക്കാൻ ശ്രമം നടന്നതായും പ്രധാനാധ്യാപിക ശ്രീകല പൊലീസിനോട് പറഞ്ഞു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ് പൊലീസ് .