ആലപ്പുഴ: ജി.എസ്.ടി ഉയർത്തുന്ന വെല്ലുവിളികളും കോർപ്പറേറ്റ് കടന്നുകയറ്റവും അതിജീവിക്കാൻ ചെറുകിട വ്യാപാരികളെ സഹായിക്കുന്ന യാതൊന്നും നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിലില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ഓൺലൈൻ വ്യാപാരത്തിന്റെ വക്താക്കളായ കോർപ്പറേറ്റുകൾക്കും ഇ-കോമേഴ്സ് സ്ഥാപനങ്ങൾക്കും വലിയ പ്രോത്സാഹനമാണ് ബഡ്ജറ്റ് നൽകിയത്. കോർപ്പറേറ്റ് നികുതി നിലവിലെ 40 ശതമാനത്തിൽ നിന്നും 35 ശതമാനമായി കുറച്ചു. 2019ൽ കമ്പനികൾക്കുള്ള നികുതി വലിയതോതിൽ കുറച്ചതിന് ശേഷം വ്യക്തിഗത നികുതിദായകർ കോർപ്പറേറ്റുകളേക്കാൾ കൂടുതൽ നികുതി അടയ്ക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.