ചാരുംമൂട് : ചാരുംമൂട്ടിലെ പടിഞ്ഞാറെ ബസ് സ്റ്റാന്റിലെ വെയിറ്റിംഗ് ഷെഡിന്റെ പരിസരത്തെ മരങ്ങളിലെ ദേശാടന പക്ഷികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പക്ഷികളുടെ കാഷ്ടം ദേഹത്തും വസ്ത്രങ്ങളിലും വീണ് പലരുടെയും യാത്ര മുടങ്ങുന്നത് പതിവായി. കൂടാതെ പരിസരം മുഴുവൻ മലിനമാക്കപ്പെടുകയും ചെയ്യുന്നു.

പക്ഷികളുടെ കാഷ്ടം വീഴുന്നതിൽ നിന്ന് ഒഴിവാകാൻ യാത്രക്കാർ ബസ് സ്റ്റോപ്പിൽ നിന്ന് മാറി നിൽക്കുന്നിടത്ത് ബസുകൾ നിർത്തുന്നതിനാൽ റോഡിൽ തിരക്ക് കൂടുകയും ചെയുന്നു. ചെങ്ങന്നൂർ, തിരുവല്ല, ഭരണിക്കാവ്, ശാസ്താംകോട്ട ഭാഗത്ത് നിന്ന് കായംകുളത്തേക്ക് വരുന്ന എല്ലാ ബസുകളും നിർത്തുന്ന സ്ഥലമാണിത്.

പക്ഷിപ്പനി ഭീഷണി കൂടി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകളും, ആരോഗ്യപരമായ കാരണങ്ങളും മുൻ നിർത്തി അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.

 ജംഗ്ഷനിലെ സ്ഥാപനങ്ങളിൽ വരുന്ന ആളുകൾ മുൻ കാലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് ഈ ഭാഗത്തായിരുന്നു

 ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്താൽ പക്ഷികളുടെ കാഷ്ടം വീണ് 'വൈറ്റ് വാഷ് 'ചെയ്ത അവസ്ഥയിലാകും

 റോഡ് വികസനം കാരണം പലസ്ഥലങ്ങളിലും പാതയോരങ്ങളിലെ വൃക്ഷങ്ങൾ വെട്ടി മാറ്റിയതിനാൽ കുറെ കാലമായി പക്ഷികൾ എത്താറില്ലായിരുന്നു

കഴിഞ്ഞവർഷം മുതൽ പല സ്ഥലങ്ങളിൽ നിന്നും വിവിധ ഇനം പക്ഷികൾ വന്നിട്ടുണ്ട്.

---------------------------------------------

അപ്രതീക്ഷിതമായി പക്ഷികളുടെ കാഷ്ടം ശരീരത്ത് വീണ് യാത്ര പോലും മുടങ്ങുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ടിന് ഉടൻ പരിഹാരം കാണണം.

-സുജിത്ത് പി ആർ, പ്രദേശവാസി

ദേശാടനക്കിളികളുടെ വിസർജ്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം ഈ ഭാഗത്തെ കടകളിൽ ആളുകൾ കയറാൻ മടിക്കുന്നത് വ്യാപാരികൾക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നു. അധികൃതർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണം.

- ജി.മണിക്കുട്ടൻ, കെ.വി.വി.ഇ.എസ് , ജില്ലാ സെക്രട്ടറി