ആലപ്പുഴ: നഗരത്തിൽ കൊങ്ങിണിചുടുകാടിന് സമീപം വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന എഴുപതുകാരന് സംരക്ഷണമൊരുങ്ങുന്നു. ഇന്നലെ 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ വിഷയത്തിൽ ഇടപെട്ടു. കൊങ്ങിണി ചുടുകാടിന് സമീപം പഴയ എക്‌സൈസ് ഓഫീസിനു തെക്കുവശം മുത്തുപുരയിടത്തിൽ ആസാദിന്റെ (ബാഷ) ചികിത്സയും സംരക്ഷണം ഉറപ്പു വരുത്താൻ സാമൂഹ്യനീതി ഓഫീസർ നഗരസഭയ്ക്ക് കത്ത് നൽകി. പൊലീസ് ഇടപെട്ട് ബന്ധുക്കളെ വിളിച്ചുവരുത്തി. അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആസാദിന്റെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം, സംരക്ഷണകാര്യത്തിൽ തീരുമാനമെടുക്കും. ബന്ധുക്കൾ ഏറ്റെടുക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചാൽ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ പറഞ്ഞു.