കുട്ടനാട്: രാമങ്കരി പഞ്ചായത്ത് പതിമൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി എന്നിവ കൂടാതെ എസ്.യു.സി.ഐ സ്ഥാനാർത്ഥിയും രംഗത്തിറങ്ങിയതോടെപോരാട്ടം തീപാറുമെന്ന് ഉറപ്പായി. 30നാണ് ഉപതിരഞ്ഞെടുപ്പ്. ഏരിയ, ജില്ലാനേതാക്കളെ കളത്തിലിറക്കി കുടുംബസംഗമങ്ങൾ സംഘടിപ്പിച്ച് വോട്ട് ഉറപ്പിക്കാൻ സി.പി.എം ശ്രമിക്കുമ്പോൾ കൊടിക്കുന്നിൽ സുരേഷ് എം.പിയേയും
കെ.പി.സി.സി പ്രസിഡന്റ് മുതലുള്ള നേതാക്കളെയും രംഗത്തിറക്കിയാണ് കോൺഗ്രസിന്റെ പ്രചാരണം. വാർഡിൽ ആദ്യമായി മത്സരിക്കുന്ന ബി.ജെ.പിയും എസ്.യു.സി.ഐയും സംസ്ഥാന നേതാക്കളെ രംഗത്തിറക്കി കൺവെൻഷനുകൾ സംഘടിപ്പിച്ചാണ് വോട്ട് പെട്ടിയിലാക്കാൻ ശ്രമിക്കുന്നത്.
വിട്ടുകൊടുക്കാതെ അച്ഛനും മകനും
സി.പി.എം സ്ഥാനാർത്ഥിയായി സരിനും, കോൺഗ്രസ് സ്ഥാനാർത്ഥിയായി അച്ഛൻ വി.എ.ബാലകൃഷ്ണനും മത്സരരംഗത്ത് ഉറച്ചു നിൽക്കാൻ തീരുമാനിച്ചതോടെ അച്ഛനും മകനും ഏറ്റുമുട്ടുന്നെന്ന പ്രത്യേകതകൂടി ഈ തിരഞ്ഞെടുപ്പിന് വന്നുചേർന്നു. സരിൻ ആദ്യമായാണ് മത്സരിക്കുന്നതെങ്കിലും ബാലകൃഷ്ണന് മൂന്നാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി ശുഭ പ്രഭയ്ക്കും ഇത് കന്നി മത്സരമാണ്. എസ്.യു.സി. ഐ സ്ഥാനാർത്ഥി ജി.ആർ.അനിൽ നേരത്തെ പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ സി.പി.എം സ്ഥാനാർത്ഥിയാണ് വിജയിച്ചത്