തുറവൂർ: കുത്തിയതോട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാജരേഖ ചമച്ചു സാമ്പത്തികതട്ടിപ്പ് നടത്തിയ ജീവനക്കാരെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.വിശദമായ അന്വേഷണം നടത്തി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ പകരം സംവിധാനം ഏർപ്പെടുത്തുകയും വേണം. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന പഞ്ചായത്തിലെ സെക്രട്ടറി, അസി. സെക്രട്ടറി തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പാർലമെന്റിറി പാർട്ടി ലീഡർ കല്ലനാദത്ത് എസ്. കണ്ണാട്ട്, ഡെപ്യൂട്ടി ലീഡർ ദീപ സുരേഷ്, വിപ്പ് സനീഷ് പായിക്കാട്, കെ.ആർ.സുഗതൻ, ഡി.സി.സി സെക്രട്ടറി കെ.ഉമേശൻ, കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് അസീസ് പായിക്കാട്, മണ്ഡലം പ്രസിഡന്റ് വി.എ.ഷെറീഫ് എന്നിവർ പങ്കെടുത്തു .