ആലപ്പുഴ: തെരുവ് നായ്‌ക്കൾ മനുഷ്യർക്ക് കടുത്ത ഭീഷണിയായിട്ടും അധികൃതർ അനങ്ങാപ്പാറനയം തുടരുന്നതിൽ നാട്ടുകാർ രോഷാകുലരാണ്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും തെരുവുനായക്കൂട്ടം കൈയടക്കിക്കഴിഞ്ഞു. കാൽ നടക്കാരെയും ഇരുചക്രവാഹന യാത്രികരെയും തെരുവുനായ്‌ക്കൾ കൂട്ടത്തോടെ
ആക്രമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലുമാണ്. സ്‌കൂൾ കുട്ടികളാണ് ഇവരുടെ ഇരകളിൽ അധികവും. കഴിഞ്ഞ ദിവസം തത്തംപള്ളി മഠം റോഡിൽ സൈക്കിളിൽ പോകുകയായിരുന്ന കുട്ടിയെ നായ കടിക്കാൻ ഓടിച്ചു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ധാരാളം പേരാണ് ഓരോ ദിവസവും ഇത്തരത്തിൽ നായ്ക്കളുടെ വേട്ടയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നത്. പലർക്കും കടിയും മാന്തും ഏൽക്കുന്നുമുണ്ട്. എ.ബി.സി പദ്ധതി അവതാളത്തിലായതോടെയാണ് നായ്ക്കൾ പെറ്റുപെരുകാൻ തുടങ്ങിയത്. നഗരസഭ ഉൾപ്പടെയുള്ള അധികൃതർക്ക് ആവർത്തിച്ച് പരാതി നൽകിയിട്ടും അറിഞ്ഞ ഭാവമില്ലെന്നാണ് ജനങ്ങളുടെ പരാതി.
അറിവും ജാഗ്രതയും വേണം
1.പേവിഷ പ്രതിരോധം, പ്രഥമ ശുശ്രൂഷ, റാബീസ് വാക്സിനേഷൻ എന്നിവയെക്കുറിച്ചുള്ള അറിവ് രോഗപ്രതിരോധത്തിൽ അത്യന്തം പ്രധാന്യമർഹിക്കുന്നവയാണ്
2. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരക ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകർ. എങ്കിലും പൂച്ച, കുറുക്കൻ, അണ്ണാൻ, വവ്വാൽ തുടങ്ങിയവയും രോഗവാഹകരിൽപെടുന്നു
3. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷുമ്നനാഡിയേയും തലച്ചോറിനെയും ബാധിക്കുന്നു
4. തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തെ വേദന, തരിപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചത്തോടും, വായുവിനോടും, വെള്ളത്തിനോടുമുള്ള ഭയം തുടങ്ങുന്നു
5.രോഗാണുശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാവാൻ 2 മുതൽ 3 മാസം വരെ എടുത്തേക്കാം. എന്നാൽ, ചില സാഹചര്യങ്ങളിൽ ഇത് ഒരാഴ്ച മുതൽ ഒരുവർഷം വരെയുമാകാം
നായ, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് പേവിഷബാധക്കെതിരെ വാക്സിൻ നൽകിയിട്ടില്ലെങ്കിൽ പൊതുജനാരോഗ്യനിയമം 2023 പ്രകാരം 2000 രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമാണ്
-ജില്ലാ മെഡിക്കൽ ഓഫീസ്