ആലപ്പുഴ : ജലോത്സവ ചരിത്രത്തിൽ അരനൂറ്റാണ്ട് തികയ്ക്കുന്ന ചമ്പക്കുളം ചുണ്ടനെ വേഗപ്പോരിൽ ഒന്നാമതെത്തിക്കാൻ ഇത്തവണ തുഴയെറിയുന്നത് നെഹ്റു ട്രോഫി ജലമേളയുടെ ആതിഥേയരായ പുന്നമടക്കാരാണ്. ആലപ്പുഴയുടെ കായിക രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ അത്ലറ്റിക്കോ ഡി ആലപ്പിയുമായി കൈകോർത്താണ് പുന്നമട ബോട്ട് ക്ലബ്ബ് പോരാട്ടത്തിനിറങ്ങുന്നത്.
പ്രദേശവാസികളായ തുഴച്ചിലുകാർക്ക് പുറമേ, തദ്ദേശീയരായ പട്ടാളക്കാരും, അത്ലലറ്റിക്കോ ഡി ആലപ്പിയുടെ കരുത്തന്മാരും തുഴയെറിയാനിറങ്ങും. കഴിഞ്ഞ 18മുതൽ പുന്നമട കേന്ദ്രീകരിച്ച് ക്യാമ്പ് സജ്ജമാക്കി ടീം തീവ്ര പരിശീലനത്തിലാണ്. 2007 മുതൽ 2009 വരെ അമ്പലക്കാടൻ വെപ്പ് വള്ളത്തിൽ ഹാട്രിക്ക് നേടിയിട്ടുണ്ട് പുന്നമട ക്ലബ്ബ്. നിരവധി ഫൈനൽ മത്സരങ്ങളിൽ പോരാടിയെങ്കിലും മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ കപ്പ് പലവട്ടം കൈവിട്ടു പോയി. 2018 മുതൽ തുടർച്ചയായി ഫൈനലിൽ ചമ്പക്കുളം ചുണ്ടനുണ്ട്. ഇത്തവണ പുന്നമട ക്ലബ്ബിനും, ചമ്പക്കുളം ചുണ്ടനും വിജയമുറപ്പിക്കാൻ ലാൽ കുമരകം ലീഡിംഗ് ക്യാപ്റ്റനായ ടീമാണിറങ്ങുന്നത്. ചലച്ചിത്ര നിർമ്മാതാവും വ്യവസായിയുമായ സന്തോഷ്.ടി.കുരുവിളയാണ് ക്യാപ്ടൻ. ജോഷിയാണ് മുഖ്യ പരിശീലകൻ. അഡ്വ കുര്യൻ ജെയിംസാണ് ക്ലബ്ബ് പ്രസിഡന്റ്. പ്രിറ്റി ചാക്കോ (സെക്രട്ടറി), ഷിബു അഗസ്റ്റിൻ (ട്രഷറർ), മുൻ നഗരസഭാദ്ധ്യക്ഷൻ തോമസ് ജോസഫ്, ടി.വി.ശാന്തപ്പൻ (രക്ഷാധികാരികൾ) എന്നിവരാണ് അണിയറയിൽ ടീമിന് കരുത്തേകുന്നത്.
ചമ്പക്കുളം @ 50
1974ൽ ചമ്പക്കുളം ചുണ്ടൻ നീരണിഞ്ഞു
1989ൽ യു.ബി.സി കൈനകരിയിലൂടെ ആദ്യ നെഹ്രുട്രോഫി
1990ലും 1991ലും ട്രോഫി നേടി യു.ബി.സി ഹാട്രിക് തികച്ചു
8തവണ നെഹ്രുട്രോഫി നേടിയ പഴയ ചുണ്ടന് പകരം പുതിയ വള്ളം പണിതു
2014 മെയ് 15ന് പുതിയ ചമ്പക്കുളം ചുണ്ടൻ നീരണിഞ്ഞു
പുതിയ ചമ്പക്കുളം ചുണ്ടനെയും ആദ്യമായി നെഹ്റു ട്രോഫിക്കെത്തിച്ചതും കപ്പ് നേടിയതും യു.ബി.സിയാണ്
.
നെഹ്റു ട്രോഫി നേട്ടം
1989, 90, 91, 94, 95, 96, 98, 2009, 2014 (ആകെ ഒൻപത് തവണ)