ആലപ്പുഴ: കഴിഞ്ഞ 18ന് അരൂർ - തുറവൂർ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ നിയമനടപടിക്കൊരുങ്ങുന്നു. ചമ്പക്കുളം തെക്കേമുറി നാൽപ്പതിൽ ചിറയിൽ അലക്സാണ്ടർ വർഗീസ് (51) ആണ് തനിക്ക് സംഭവിച്ച അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിർമ്മാണ കമ്പനിക്കെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുന്നത്. ഇലക്ട്രിക്, പ്ലംബിങ്ങ് ജോലികൾ ചെയ്യുന്ന അലക്സാണ്ടർ വാടകയ്ക്ക് താമസിക്കുന്ന ഇടക്കൊച്ചിയിലേ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബസ് ചെമ്മനാട് സ്കൂളിന് സമീപം കുഴിയിൽ വീണത്. അപകടത്തിന്റെ ആഘാതത്തിൽ സീറ്റിൽ നിന്ന് ഉയർന്നുപൊങ്ങിയ അലക്സാണ്ടർ നടുവ് ഇടിച്ചാണ് താഴെ വീണത്. വീഴ്ച്ചയിൽ നട്ടെല്ലിന് പൊട്ടലുണ്ട്. അന്ന് തന്നെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. ആശുപത്രിയിൽ കൂട്ടിരിക്കാൻ ആളില്ലാത്തതിനാൽ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. നാല് മാസം പൂർണ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. കിടന്നുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നതുപോലും. അലക്സാണ്ടർ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനം നിലച്ചു.
ബസിൽ പിന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി നിലത്ത് ഇടിച്ചുവീഴുകയായിരുന്നു. ശ്വാസം നിലച്ചുപോയ അവസ്ഥയായിരുന്നു
- അലക്സാണ്ടർ വർഗ്ഗീസ്