ഹരിപ്പാട്: കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലത്തിന്റെ നിർമ്മാണ തടസ്സം മാറിയ സാഹചര്യത്തിൽ പാലത്തിനെ എൻ.എച്ചുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിന് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. കരുവാറ്റ പഞ്ചായത്ത് ഓഫീസിൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടേയും, ജനപ്രതിനിധികളുടേയും യോഗത്തിൽ ഇത് സംബന്ധിച്ച നിർദേശം നൽകി. കഴിഞ്ഞ നിരവധി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മുതലക്കുറിച്ചിക്കൽ പാലത്തിന്റെ പുനനിർമ്മാണത്തിനുള്ള കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് സർക്കാർ നൽകിയിട്ടുള്ളത്. അപ്രോച്ച് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അധിക നഷ്ടപരിഹാര തുക സർക്കാരിൽ നിന്നും ലഭ്യമാക്കുന്നതിനും ഉടമസ്ഥർക്ക് വിതരണം ചെയ്യുന്നതിനും അടിയന്തിര നടപടി സ്വീകരിക്കും. കരുവാറ്റ കാരമുട്ടേൽ പ്രദേശത്തെ എൻ.എച്ചുമായി ബന്ധിപ്പിക്കുന്നതിനുള്ള റോഡിന്റെ നിർമ്മാണത്തിനുള്ള നടപടി സ്വീകരിക്കുന്നതിന് പിഡബ്ള്യു.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.