ആലപ്പുഴ : കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും പാടശേഖരങ്ങളിലും കരിനിലങ്ങളിലും രണ്ടാംകൃഷിയുടെ വിത 31ന് മുമ്പ് പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയിൽ കൃഷിവകുപ്പും കർഷകരും. ജൂൺ ഒന്നിന് ആരംഭിച്ച് 30ന് വിത പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ തടസമായി മാറി.

കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ 30,000 ഹെക്ടർ കൃഷിഭൂമിയിലെ 10,000ഹെക്ടർ പാടത്താണ് ഇത്തവണ രണ്ടാം കൃഷിയിറക്കുന്നത്. ഇന്നലെ വരെ 130 പാടശേഖരത്തെ 7,425.86 ഹെക്ടറിൽ വിത പൂർത്തിയായി. ഇനി 2,574.14 ഹെക്ടർ നിലത്താണ് വിതക്കാനുള്ളത്. മഴ കടുത്തില്ലെങ്കിൽ 31ന് പൂർത്തികരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഉമ, മനുരത്‌നം ഇനങ്ങളിലെ വിത്തുകളാണ് കർഷകർ വിതച്ചത്.

രണ്ടാം കൃഷി (കുട്ടനാട്, കരിനിലം)

 ആകെ വിസ്തൃതി : 30,000 ഹെക്ടർ

വിളവിറക്കുന്നത് (പ്രതീക്ഷിക്കുന്നത്) : 10,000ഹെക്ടർ

വിത പൂർത്തിയാക്കിയത്: 7, 425.86 ഹെക്ടർ

വിതക്കാനുള്ളത്: 2,574.14 ഹെക്ടർ

പാടശേഖരങ്ങൾ: 130

ആവശ്യമായ വിത്ത്: 9,00,000 മെട്രിക് ടൺ

വിത്ത് : ഉമ, മനുരത്‌നം

മഴയും കാലാവസ്ഥ വ്യതിയാനവുമാണ് വിത വൈകാൻ കാരണമാക്കിയത്. ജൂലായ് 31ന് മുമ്പ് വിത പൂർത്തീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെങ്കിലും മഴ തടസമുണ്ടാക്കുന്നുണ്ട്

-സിന്ധു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ