ആലപ്പുഴ : നെഹ്റുട്രോഫി ജലോത്സവം പൂർണ്ണമായും ഹരിതചട്ടം പാലിച്ച് 'സേവ് വേമ്പനാട്' സന്ദേശത്തോടെ നടത്താൻ നഗരസഭാ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ കോടതി പാലം മുതൽ കിഴക്കോട്ട് പുന്നമട ബോട്ട് ജെട്ടി വരെയും, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, ബോട്ട് ജെട്ടി പരിസരവും ഗ്രീൻ സോണായി പ്രഖ്യാപിക്കും. പവലിയനിലും ഗ്യാലറിയിലും പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാലാണെന്ന് ഉറപ്പു വരുത്തും. പരസ്യ നോട്ടീസുകൾ ഗ്രീൻ സോണിൽ പൂർണ്ണമായും ഒഴിവാക്കും.

ഗ്രീൻ സോണിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പൂർണ്ണമായും നിരോധിക്കും. കുടിവെള്ള കുപ്പികൾ, ഭക്ഷണപൊതികൾ സ്‌നാക്‌സ് പാക്കറ്റ് എന്നിവയിൽ സ്റ്റിക്കറുകൾ പതിച്ച് 10 രൂപ ഈടാക്കും. അന്നേദിവസം ജലോത്സവം കഴിഞ്ഞ് സ്റ്റിക്കർ പതിച്ച കുപ്പികൾ, പാക്കറ്റുകൾ തിരികെ ഹാജരാക്കുമ്പോൾ തുക തിരികെ നൽകും. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ സോൺ മേഖലയിൽ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് താൽക്കാലിക ബിന്നുകൾ സ്ഥാപിച്ച് വോളണ്ടിയർമാർമാരുടെ സേവനം ഉറപ്പാക്കും.ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റിയിൽ നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു.

ഗ്രീൻ ചെക്ക് പോസ്റ്റ്

1.ജലോത്സവ ദിവസം രാവിലെ 6 മണി മുതൽ ജില്ലാ കോടതി പാലത്തിനു സമീപം, പുന്നമട ഫിനിഷിങ്ങ് പോയിന്റ്റ്, സ്റ്റാർട്ടിംഗ് പോയിന്റ് മാതാ ജെട്ടി, കുര്യച്ചൻ കുരിശടി എന്നിവിടങ്ങളിൽ ഗ്രീൻ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും

2.പവലിയനിലും, ഗ്യാലറികളിലും മാലിന്യങ്ങളും പാഴ്‌വസ്തുക്കളും ജലാശയങ്ങളിലേയ്ക്ക് വീഴുന്നത് ഒഴിവാക്കുന്നതിനായി താൽക്കാലിക ബിന്നുകൾ സ്ഥാപിച്ച് സന്നദ്ധ പ്രവർത്തകരെ നിയോഗിക്കും

3. സൗജന്യ കുടിവെള്ള വിതരണം പ്ലാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി വിവിധ കേന്ദ്രങ്ങളിൽ ക്രമീകരിക്കും. പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള ശുചിത്വ സന്ദേശ ബോർഡുകളും സ്ഥാപിക്കും.

4.ജലോത്സവത്തിനു മുന്നോടിയായി നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പൂർണ്ണമായും ഹരിതചട്ടങ്ങൾ പാലിച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും

5. വൈ.എം.സി.എ മുതൽ പുന്നമട ഫിനിഷിങ്ങ് പോയിന്റ് വരെ ജലാശയങ്ങൾ ചെറുവള്ളങ്ങൾ ഉപയോഗിച്ച് ശുചിയാക്കും.

ജലമേളക്ക് ശേഷം ജനപ്രതിനിധികൾഉൾപ്പെടെ ചേർന്ന് പവലിയനും റോഡും വൃത്തിയാക്കും.