a

മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിന് സ്വന്തമായി കളിസ്ഥലമില്ലാത്തത് മേഖലയിലെ കായികപ്രതിഭകൾക്ക് തിരിച്ചടിയാകുന്നു. പരിശീലനത്തിനും മത്സരങ്ങൾ നടത്താനും മറ്റുള്ളിടങ്ങളിലെ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ.

കായികരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നിരവധി പ്രതിഭകൾ പഞ്ചായത്തിൽ നിന്നുയർന്നു വന്നിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവം മത്സരങ്ങൾ ഇപ്പോൾ നടത്തുന്നത് മാവേലിക്കര നഗരസഭയുടെ ഗ്രൗണ്ടിലാണ്. 21 വാർഡുകളും 40,000ഓളം ജനസംഖ്യയുള്ളതുമാണ് ചെട്ടികുളങ്ങര പഞ്ചായത്ത്. ഇവിടെ യുവജന,വിദ്യാർത്ഥി വിഭാഗങ്ങൾ കൂടുതലായി കായികമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാറുമുണ്ട്.

ജനസംഖ്യ

40,000

സ്ഥലമുണ്ട്, നടപടിയില്ല

1.കളിസ്ഥലം സ്ഥാപിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടെങ്കിലും അതിന് വേണ്ട നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കായികപ്രേമികൾ കുറ്റപ്പെടുത്തുന്നു

2. പതിനാലാം വാർഡിൽ കായംകുളം ​-തിരുവല്ല റോഡിൽ ഭഗവതിപ്പടി ജംഗ്ഷന് വടക്ക് കുനംകുളങ്ങര ജംഗ്ഷനിൽ ജനത വായനശാലയോട് ചേർന്ന 80 സെന്റിൽ കളിസ്ഥലം സ്ഥാപിക്കാവുന്നതാണ്

3. ഗ്രൗണ്ടിനായി ഈ സ്ഥലത്തിന്റെ 70 ശതമാനത്തോളം നികത്തിയതായിരുന്നു. ഗ്രാമപഞ്ചായത്തിന് വായനശാല സ്ഥലം പൂർണ്ണമായി വിട്ടുനൽകുകയും ചെയ്തു.

ചെട്ടികുളങ്ങരയിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് ആവശ്യമായ പദ്ധതിക്ക് രൂപംനൽകി സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായികവകുപ്പ് മന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്

- എ.മഹേന്ദ്രൻ (ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്)