ആലപ്പുഴ: വലിയചുടുകാട് പ്രദേശത്തിനാകെ ഭീഷണി ഉയർത്തുകയാണ് പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിലെ മാലിന്യമല. ഒരു തീപ്പൊരി വീണാൽ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം അടക്കം അപകടാവസ്ഥിയിലാകും. കാലങ്ങളേറെയായി നഗരത്തിൽ ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചിരിക്കുന്നത്.

സർവ്വോദയപുരത്തിന് പിന്നാലെ പഞ്ചകർമ്മ കെട്ടിടത്തിലെ അടക്കം മാലിന്യങ്ങൾ അടിയന്തരമായി ഘട്ടം ഘട്ടമായി നീക്കം ചെയ്യുമെന്ന് നഗരസഭാധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും, നടപടികൾ ഇഴയുകയാണ്. പണിതീരീതെ കിടക്കുന്ന നിർദ്ദിഷ്ട പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പൂർണമായും മാലിന്യക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് കിലോ വരുന്ന മാലിന്യം പൂർണമായി നീക്കുന്നതിന് എറണാകുളം ആസ്ഥാനമായ ശുചിത്വമിഷൻ അംഗീകാരമുള്ള സ്വകാര്യ കമ്പനിയുമായി കൈകോർത്തിട്ടുണ്ടെങ്കിലും, ഈ ഭാഗത്ത് നിന്ന് മാലിന്യം നീക്കി തുടങ്ങാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. മാലിന്യമലയ്ക്ക് തൊട്ടുമുന്നിലാണ് രക്ഷസാക്ഷി മണ്ഡപം. പ്രദേശത്ത് നിരവധി വീടുകളുണ്ട്.

നിരവധി തവണ അധിക‌ൃതർക്ക് പരാതി നൽകിയിട്ടും ഫലമില്ല. ഒരു അപകടം ഉണ്ടാകാൻ കാത്തു നിൽക്കാതെ ഏത്രയും വേഗം മാലിന്യ മല ഒഴിപ്പിക്കണം

- വ്യാപാരികൾ