ഹരിപ്പാട് : കടലാക്രമണ ഭീഷണി നേരിടുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിന്റെ തീരത്തു നിന്ന് മണൽ കടത്ത് വ്യാപകമാകുന്നു. തീരസംരക്ഷണം പോലും താറുമാറാക്കുന്ന തരത്തിലാണ് അനധികൃത മണൽകടത്ത്.
തീരദേശ റോഡിനും കടൽഭിത്തിക്കും ഇടയിൽ ചുവടുകളുടെ അകലത്തിൽ മാത്രമാണ് ഇവിടെ തീരം ശേഷിക്കുന്നത്. നേരം പുലരുമ്പോൾ മണലെടുത്ത് പോയതിന്റെ വലിയ കുഴികളാണ് പ്രത്യക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. കടലാക്രമണ ദുരിതം ഏറെ അനുഭവപ്പെടുന്ന ആറാട്ടുപുഴ എം.ഇ.എസ്. ജംഗ്ഷനിലും കാർത്തിക ജംഗ്ഷനിലുമാണ് അനധികൃത മണലെടുപ്പ് കൂടുതൽ. എം.ഇ.എസ് ജംഗ്ഷനിൽ താൽക്കാലിക സുരക്ഷക്കായി ജിയോ ബാഗ് അടുക്കി സംരക്ഷണഭിത്തി നിർമിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ ജിയോ ബാഗിൽ നിറയ്ക്കാനായി എടുത്തിട്ടിരുന്ന മണൽ പോലും കഴിഞ്ഞ ദിവസങ്ങളിൽ മണൽവാരൽ സംഘങ്ങൾ കടത്തിക്കൊണ്ടുപോയി.
റോഡിൽ അടിയുന്ന മണലും പിറ്റേന്ന് കാണില്ല
ജിയോബാഗ് അടുക്കിയതിനോട് ചേർന്നുള്ള ഭാഗങ്ങളിൽനിന്നുവരെ കുഴിച്ച് മണൽ കടത്തി
മണൽവാരൽ ഇനിയും ആവർത്തിച്ചാൽ ജിയോ ബാഗിന്റെ ഭിത്തി മറിയാൻ ഇത്കാരണമാകും
കടലാക്രമണമുണ്ടാകുമ്പോൾ റോഡിലേക്ക് അടിച്ചുകയറുന്ന മണ്ണ് ഇരുവശങ്ങളിലേക്കും മാറ്റിവച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കുന്നത്
ഇങ്ങനെ മാറ്റിവയ്ക്കുന്ന മണൽ ചെറിയ കടലാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ഒരു സംരക്ഷണമായി ഉപകാരപ്പെടാറുണ്ട്
എന്നാൽ മണൽ കൂട്ടിവയ്ക്കുന്നതിന്റെ പിറ്റേദിവസം തന്നെ മണൽവാരൽ സംഘങ്ങൾ ഇത് കടത്തിക്കൊണ്ടു പോകും
നമ്പർ പ്ലേറ്റ് ഇളക്കിവച്ച മിനി ലോറികളാണ് മണൽകടത്തിന് ഉപയോഗിക്കുന്നത്. പൊലീസിന്റെ കാര്യമായ ഇടപെടലുണ്ടെങ്കിൽ മാത്രമേ മണൽകടത്തുകാരെ പിടികൂടാൻ കഴിയുകയുള്ളൂ
-നാട്ടുകാർ