കുട്ടനാട് : കുവൈറ്റ് അബ്ബാസിയയിലുണ്ടായ അഗ്‌നി ബാധയിൽ വിഷപ്പുക ശ്വസിച്ച് മരിച്ച നാലംഗ മലയാളി കുടുംബത്തിന് വിട ചൊല്ലാൻ നാടൊന്നാകെ ഇന്നലെ നീരേറ്റുപുറത്തെ മുളയ്ക്കൽ വീട്ടിലേക്കും തലവടി പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിലേക്കും ഒഴുകിയെത്തി. തലവടി പഞ്ചായത്ത് ആറാംവാർഡ് നീരേറ്റുപുറം മുളയ്ക്കൽ മാത്യു വർഗ്ഗീസ് (ജിജോ 42), ഭാര്യ ലിനി (37), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഐറിൻ (14), അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഐസക് (11) എന്നിവരുടെ സംസ്കാരം ഇന്നലെ പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിയിൽ നടന്നു.
ചൊവ്വാഴ്ച്ച തലവടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലെത്തിച്ച മൃതദേഹങ്ങൾ ഇന്നലെ വെളുപ്പിന് മൂന്ന് മണിക്ക് മാത്യു പുതുതായി പണി കഴിപ്പിച്ച വീട്ടിലെത്തിച്ചു. തുടർന്ന് വീട്ടുമുറ്റത്ത് ക്രമീകരിച്ച പന്തലിൽ തലവടി മർത്തോമ പള്ളി മുൻ വികാരി ഫാ.സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തി. 8.30ഓടെ വിലാപയാത്രയായി ഓരോ പെട്ടികളും പള്ളിയിലെത്തിച്ചു. മാത്യുവിന്റെയും ലിനിയുടെയും അമ്മമാർ മക്കൾക്ക് അന്ത്യചുംബനം നൽകിയ കാഴ്ച കൂടി നിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി. പ്രത്യേകം തയാറാക്കിയ കല്ലറകളിൽ ആദ്യം അച്ഛൻ, മകൾ, മകൻ, അമ്മ എന്ന നിലയ്ക്കാണ് അടക്കം ചെയ്തത്.
അവധിക്കാലം ആഘോഷിച്ച് കഴിഞ്ഞ 19നായിരുന്നു കുവൈറ്റിൽ റോയിട്ടേഴ്‌സ് ജീവനക്കാരനായ മാത്യുവും നഴ്സായ ലിനിയും മക്കളും നാട്ടിൽ നിന്ന് മടങ്ങിയത്. അന്ന് രാത്രിയായിരുന്നു അപകടം. അബ്ബാസിയയിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ അഗ്‌നിബാധ ഉണ്ടാവുകയും എ.സിയിൽ നിന്നുയർന്ന പുക ശ്വസിച്ച് നാലുപേരും മരണപ്പെടുകയുമായിരുന്നു.
മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ മന്ത്രി മാത്യു ടി.തോമസ്, രമേശ് ചെന്നിത്തല എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി .രാജേശ്വരി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.