ചെന്നിത്തല: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിൽ അപ്പർ കുട്ടനാട്ടിലെ കർഷകർ കടുത്ത പ്രതിഷേധത്തിലേക്ക്. സംഭരിച്ച നെല്ലിന്റെ പി.ആർ.എസ് എസ്.ബി.ഐ ബാങ്കിൽ സമർപ്പിച്ച കർഷകർക്കാണ് ഇതുവരെ പണം ലഭിക്കാത്തത്. കഴിഞ്ഞ ജൂൺ 30 വരെ സംഭരിച്ച നെല്ലിന്റെ തുക വിവിധ ബാങ്കുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് സർക്കാരും സപ്ലെകോയും ആവർത്തിച്ച് പറയുമ്പോഴും എസ്.ബി.ഐ ബാങ്കിൽ പി.ആർ.എസ് സമർപ്പിച്ച് പണം ലഭിക്കേണ്ട കർഷകർ നിരാശയിലാണ്. എന്നാൽ കാനറാ ബാങ്കിൽ പി.ആർ.എസ് സമർപ്പിച്ച കർഷകർക്ക് പണം ലഭിക്കുകയും ചെയ്തു. ശനിയാഴ്‌ചയ്ക്ക് മുമ്പായി കർഷകരുടെ പണം ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അപ്പർകുട്ടനാട് മേഖലയിലെ മുഴുവൻ എസ്.ബി.ഐ ബാങ്ക് ശാഖകളുടെ മുന്നിലും മാവേലിക്കര റീജണൽ ഓഫിസിന് മുന്നിലും ധർണ്ണ നടത്താൻ അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്‌മ അറിയിച്ചു. കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ എത്രയും വേഗം പണം നൽകാൻ എസ്.ബി.ഐ തയ്യാറാവണമെന്ന് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്‌മയുടെ ഭാരവാഹികളായ ഗോപൻ ചെന്നിത്തല, സുരേഷ് പായിപ്പാട്, വിജയൻ വേലു പള്ളിപ്പാട് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.