ആലപ്പുഴ : ലോകത്തിലെ ഏറ്റവും വലിയ ജലമാമാങ്കം നേരിൽ കാണാൻ സ്വദേശികളും വിദേശികളും പുന്നമടയിലേക്കെത്താൻ ഇനി രണ്ടാഴ്ചയുടെ ദൂരം മാത്രം. നെഹ്റുട്രോഫി ജലോത്സവം 70വർഷങ്ങൾ തികയ്ക്കുന്ന ഇത്തവണ കുറ്റമറ്റ സംഘാടനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ് വള്ളംകളി പ്രേമികൾ. ടിക്കറ്റെടുത്തവർക്ക് കളി കാണാൻ സാധിക്കാതെ പോകുന്നതും, സാമൂഹ്യ വിരുദ്ധശല്യവുമടക്കം ജാഗ്രതക്കുറവ് കൊണ്ട് പോരായ്മകൾ മുൻവർഷങ്ങളിൽ ഉണ്ടാകാറുണ്ട്.

പൊതുവേ വള്ളംകളി കാണികളിൽ തദ്ദേശീയരായ വനിതകളുടെ സാന്നിദ്ധ്യം കുറവാണ്. ആൾത്തിരക്കിൽ നേരിടുന്ന സുരക്ഷാ പ്രതിസന്ധിയാണ് വനിതകളെ പിന്തിരിപ്പിക്കുന്നത്. പൊലീസുകാരെ ഗ്യാലറികളിൽ നിയോഗിക്കാറുണ്ടെങ്കിലും, സ്ത്രീസുരക്ഷ പൂർണമായും ഉറപ്പാക്കാൻ സാധിക്കാറില്ല. പുറംനാട്ടിൽ നിന്നെത്തുന്ന വനിതകളെ ദേഹോപദ്രവം ചെയ്യുന്നതും അപമാനിക്കുന്നതും പതിവാണ്.

വേണം ടോയ്ലറ്റ് സൗകര്യം

1.ഗ്യാലറികൾ സ്ഥിതി ചെയ്യുന്ന ഫിനിഷിംഗ് പോയിന്റിൽ വടക്കേ അറ്റത്തുള്ള ടെയാല്റ്റുകളാണ് സ്ഥലത്തെത്തുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് വേണ്ടി കഴിഞ്ഞ വർഷം ഒരുക്കിയിരുന്ന സംവിധാനം. കാണികൾ ഇരിക്കുന്നതാവട്ടെ തെക്ക് വശത്തും

2.ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ ജനങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് ടൊയ്ലറ്റിലെത്തുകയെന്നത് പ്രയാസകരമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് പലപ്പോഴും സ്ത്രീകളെ സാമൂഹ്യവിരുദ്ധർ അപമാനിക്കുന്നത്

3.നിലവിൽ താൽക്കാലിക ഗ്യാലറികളുടെ നിർമ്മാണം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ആവശ്യത്തിന് ഇ ടൊയ്ലറ്റുകൾ സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ കൂടി സംഘാടകർ ഉറപ്പുവരുത്തേണ്ടതുണ്ട്

ഇരിപ്പിടം ഉറപ്പാക്കണം

എല്ലാ വർഷങ്ങളിലും സ്ഥിരമായി ഉയരുന്ന പരാതിയാണ് പണം നൽകി ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ലഭിക്കാത്തത്

കഴിഞ്ഞ വർഷം ടിക്കറ്റെടുത്ത ചിലർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ പോലും അവസരം ലഭിച്ചില്ല

നിരക്കിന്റെ അടിസ്ഥാനത്തിൽ ഇരിപ്പിടങ്ങളിലേക്ക് കാണികളെ എത്തിക്കാൻ കൂടുതൽ വോളണ്ടിയർമാരെ നിയോഗിക്കണം

കളി ഫൈനലിലേക്ക് എത്തുന്ന സമയം ടിക്കറ്റെടുക്കാത്തവർ പോലും അതിക്രമിച്ച് ഗ്യാലറിയിൽ കയറുന്ന പതിവുണ്ട്.നിശ്ചിത സമയത്തിനകം കാണികൾ എത്തിച്ചേരണമെന്ന് നിർദ്ദേശം നൽകി, അതിന് ശേഷം സ്റ്റീൽ ബാരിക്കേഡ് കൊണ്ട് വാതിലടച്ചാൽ, ഒരു പരിധി വരെ ഗ്യാലറിയിലെ അമിതതിരക്ക് ഒഴിവാക്കാനാകും

രാഷ്ട്രപതിയെങ്കിൽ നിയന്ത്രണം കടുക്കും

രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ഇത്തവണ വള്ളംകളിയുടെ മുഖ്യാതിഥിയായി എത്തുന്നതെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരും. നെഹ്റു പവലിയിനിലേക്കുള്ള കാണികളുടെ എണ്ണമടക്കം കുറയ്ക്കും.