ആലപ്പുഴ: നെൽവില കുടിശികയും കൂലിച്ചെലവും വർദ്ധിച്ച ഉല്പാദനച്ചെലവും കാരണം കടുത്ത വെല്ലുവിളി നേരിടുന്ന നെൽകൃഷിയെ
കേന്ദ്ര ബഡ്ജറ്റിലും അവഗണിച്ചതിന്റെ നിരാശയിലാണ് കുട്ടനാട്ടിലെ കർഷകർ.
ഉല്പാദനച്ചെലവിന് ആനുപാതികമായി നെൽവില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നിരിക്കെ, രാസവള സബ്സിഡി പിൻവലിക്കുക കൂടി ചെയ്തതോടെ കർഷകരുടെ ബാദ്ധ്യത ഭാരിച്ചതായി.
രണ്ടാം വിശാല കുട്ടനാട് പാക്കേജ്, കർഷകരെ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കും, കായൽ മാല ട്രാക്ടർ റോഡ്, ബണ്ട് ബലപ്പെടുത്തൽ, കൂടുതൽ ബണ്ട് റോഡുകൾ എന്നിങ്ങനെ കർഷകർ പ്രതീക്ഷിച്ചിരുന്ന ഒന്നിലും അനുകൂല പ്രഖ്യാപനമുണ്ടായില്ല. നെല്ലിന്റെ സംഭരണവില കുടിശികയാകുകയും ആലപ്പുഴയിൽ ഉൾപ്പടെയുള്ള കർഷകർ ആത്മഹത്യയിൽ അഭയംതേടുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉദാര സമീപനമാണ് അവർ പ്രതീക്ഷിച്ചത്.
രാസവള സബ്സിഡി പിൻവലിച്ചത് തിരിച്ചടി
രാസവള സബ്സിഡി പിൻവലിക്കുക കൂടി ചെയ്തതോടെ കർഷകരുടെ ബാദ്ധ്യത വർദ്ധിക്കും
നെല്ലിന്റെ സംഭരണ വിലയിൽ 1രൂപ17പൈസ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി പിൻവലിച്ചത് തിരിച്ചടിയായി
വളപ്രയോഗത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് കർഷകർ നീങ്ങേണ്ടിവരും
വിവിധ സമാശ്വാസ പദ്ധതി ആനുകൂല്യങ്ങളുടെ കുടിശികയും കർഷകരെ കഷ്ടത്തിലാക്കി
കുടിശിക കണക്ക്
സസ്റ്റെയിനബിൾ ഡവലപ് മെന്റ് ഫണ്ട് : ₹6500 (ഹെക്ടറിന്)
പ്രൊഡക്ഷൻ ഇൻസന്റീവ്: ₹ 3000(ഹെക്ടർ)
പ്രൊഡക്ഷൻ ബോണസ് : ₹1000 (ഹെക്ടർ)
പമ്പിംഗ് സബ്സിഡി: ₹1800(ഒരേക്കർ പാടം)
പമ്പിംഗ് സബ്സിഡി: ₹2500(ഒരേക്കർ കായൽനിലം)
നെൽകർഷകരുടെ ജീവിതം മെച്ചപ്പെടുത്താൻ യാതൊന്നും ബഡ്ജറ്റിൽ ഇല്ല. രണ്ടാം വിശാല കുട്ടനാട് പാക്കേജുൾപ്പെടെയുള്ള പദ്ധതികൾ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഗണിച്ചില്ല. രാസവളങ്ങളുടെ വില വർദ്ധിക്കുന്നത്, അതു വാങ്ങി ഉപയോഗിക്കാൻ വകയില്ലാതെ ഉൽപാദനം കുത്തനെ ഇടിയാൻ ഇടയാക്കും.-സോണിച്ചൻ പുളിങ്കുന്ന് ,ജനറൽ സെക്രട്ടറി ,നെൽകർഷക സംരക്ഷണ സമിതി