മുഹമ്മ : വേമ്പനാട്ട് കായലിന്റെ ആഴങ്ങളിൽ ജീവൻ പൊലിഞ്ഞ കുമരകം ബോട്ട് ദുരന്ത സ്‌മരണയ്ക്ക് ഇന്ന് 22 ആണ്ട്. പിഞ്ചുകുഞ്ഞ് ഉൾപ്പടെ 29 പേരാണ് അന്ന് മരിച്ചത്. സംഭവം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ റിപ്പോർട്ട്
പ്രകാരം തടി ബോട്ടുകൾക്ക് പകരം സ്റ്റീൽ ബോട്ടുകളാണ് ഇപ്പോൾ മുഹമ്മ -കുമരകം റൂട്ടിൽ സർവ്വീസ് നടത്തുന്നത്. ആവശ്യമായ ലൈഫ് ബോയകളും ലൈഫ് ജാക്കറ്റുകളും തീ അണക്കാനുള്ള ഉപകരണങ്ങളും ഉൾപ്പടെ ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സജ്ജമായി റെസ്ക്യൂ ബോട്ടും ഇവിടെയുണ്ട്.
ഇന്ന് രാവിലെ അരങ്ങ് സോഷ്യൽ ഫോറത്തിന്റെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ രാവിലെ 6ന് അനുസ്മരണ ചടങ്ങുകൾ നടക്കും. ആര്യക്കര അരങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയാകും. പുഷ്പാർച്ചനയ്ക്ക് ശേഷം ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകി ഷിബു അനിരുദ്ധൻ,അനന്യ അനിൽ എന്നിവർ ആലപിക്കുന്ന സ്മരണാഞ്ജലി ഗാനത്തിന്റെ അവതരണവും അനുസ്മരണവും നടക്കും. അരങ്ങ് രക്ഷാധികാരി സി.പി. ഷാജി മുഹമ്മ, ടോമിച്ചൻ കണ്ണയിൽ,ബിനു തൈപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.
കറ്റാമറൈൻ ബോട്ടുകൾ വേണം
അപകടം ആവർത്തിക്കാതിരിക്കാൻ വേഗമേറിയ സോളാർ കറ്റാമറൈൻ ബോട്ടുകൾ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഒമ്പത് കിലോമീറ്റർ ദൈർഘ്യമുള്ള ഫെറിയാണ് മുഹമ്മ -കുമരകം. ഇപ്പോൾ 45 മിനിറ്റ് വേണം ലക്ഷ്യത്തിലെത്താൻ. എന്നാൽ, കറ്റാമറൈൻ ബോട്ട് വന്നാൽ ഏകദേശം 25 മിനിറ്റ് കൊണ്ട് എത്താൻ കഴിയും. ഡബിൾ ഹള്ളുള്ള ബോട്ടാണെങ്കിൽ കാറ്റിൽ മറിയുമെന്ന പേടിയുംവേണ്ട. കാലാവസ്ഥ മോശമായാൽ വേഗത്തിൽ കരയിൽ അടുപ്പിക്കാനും കഴിയും. ഭയാശങ്കയില്ലാതാകുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുകയും ജലഗതാഗത വകുപ്പിന് നല്ല വരുമാനം നേടാനും കഴിയും.