കായംകുളം : മെറ്റൽ ഇളകി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ, സംസ്ഥാനപാതയിൽ കാക്കനാട് ജംഗ്ഷൻ മുതൽ കിഴക്ക് കാങ്കാലി ഭാഗത്തേയ്ക്കുള്ള റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായി. കാൽനടക്കാർക്കോ വാഹനങ്ങൾക്കോ യാത്ര ചെയ്യാൻ സാധിക്കാത്ത വിധം പരിതാപകരമാണ് റോഡിന്റെ സ്ഥിതി.
നഗരസഭ 13,16 വാർഡുകളിലായാണ് റോഡ് കടന്നുപോകുന്നത്. 30 വർഷക്കാലമായി തകർന്നു കിടന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുവാനുള്ള യാതൊരു നടപടിയും ഇനിയും കൈക്കൊണ്ടിട്ടില്ല. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് തുക അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും യാതൊരു തുടർപ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കൊവിഡ് കാലത്ത് റോഡിലെ വെള്ളക്കെട്ടിൽ വലവീശി രാഷ്ടീയപാർട്ടികളും ബഹുജന സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഈ റോഡിന്റെ ഇരുവശങ്ങളിലുമായി പാർക്കിംഗ് സംവിധാനം സുരക്ഷിതമാക്കുവാൻ ചെയ്തിരുന്ന കോൺഗ്രീറ്റ് ജെ സി ബി ഉപയോഗിച്ച് പൊളിച്ചു മാറ്റപ്പെട്ടത് ദുരുദ്ദേശപരമാണന്ന് ആരോപണമുയർന്നിരുന്നു. ഏകദേശം 3 ലക്ഷം രൂപ മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ചായിരുന്നു റോഡിന്റെ വശങ്ങളിലെ നിർമ്മാണം.
ചാൽ നികത്തിയത് വിനയായി
1.റോഡിന്റെ കിഴക്കുഭാഗത്ത് നിന്ന് വരുന്ന ജലം ഒഴുകിപ്പോയിരുന്ന നൂറ്റാണ്ടുകളായുള്ള നീരൊഴുക്ക് ചാൽ അവസാനിക്കുന്നത് സമീപപ്രദേശമായ വയലിലേയ്ക്കാണ്
2.ഇത് നികത്തിയതു കാരണമാണ് റോഡിലേയ്ക്ക് ഇത്രയധികം വെള്ളം കയറുവാനും റോഡ് താറുമാറാകാനും കാരണമെന്ന് നാട്ടുകാർ പറയുന്നു
3.സുഗമമായ നീരൊഴുക്കിന് വേണ്ടി ക്ഷേത്രം വക വസ്തുവിന്റെ ഒരു ഭാഗം വിട്ടു നൽകിയത് ചിലർ കൈക്കലാക്കിയതായും ആരോപണം ഉയരുന്നു
30 : അറ്റകുറ്റപ്പണി നടത്തിയിട്ട് മുപ്പത് വർഷം
കാക്കനാട് - കാങ്കാലിൽ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം.അനാവശ്യ രാഷ്ട്രീയ ഇടപെടലുകളാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് തടസം
- പ്രദീപ്, യാത്രക്കാരൻ