xcgvcx

എരമല്ലൂർ: കേബിൾ ഇട്ട ശേഷം കുഴി മൂടിയില്ല, എരമല്ലൂർ എസ്.എൻ.ഡി.പി ഓഫീസിന് മുന്നിലെ കുഴി അപകടക്കെണിയായി. തുറവൂർ - അരൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേശീയ പാതയുടെ ഇരുവശങ്ങളിലും വൈദ്യുതി ലഭ്യമാക്കാൻ പാതയ്ക്ക് കുറുകെ നേരത്തെ കേബിൾ സ്ഥാപിച്ചിരുന്നു. എന്നാൽ,​ ഇതിനോടനുബന്ധിച്ച് നടപ്പാതയോട് ചേർന്ന് പോസ്റ്റ് വരെയെടുത്ത കുഴി മൂടാത്തതും വലിയ കേബിൾ ചുരുട്ടിവച്ചിരിക്കുന്നതുമാണ് എരമല്ലൂർ ജംഗ്ഷനെ അപകട ക്കെണിയാക്കുന്നത്. അരൂർ മുതൽ തുറവൂർ വരെ ഇത്തരത്തിൽ പലഭാഗത്തും കുഴികൾ മൂടാതെ കിടപ്പുണ്ട്. ഒറ്റനോട്ടത്തിൽ കുഴി കാണാൻ കഴിയാത്ത വിധം പരിസരം കാടുപിടിച്ചുകിടക്കുന്നത് ഇരുചക്രവാഹനക്കാരെയും കാൽനടക്കാരെയും ഒരുപോലെ അപകടത്തിലാക്കുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഇതുവഴി കയറിപ്പോകുന്ന കാൽനട യാത്രക്കാർ കുഴിയിൽ വീഴുന്നതും പതിവാണ്. കുഴി എത്രയും വേഗം മണ്ണിട്ട് മൂടി അപകടാവസ്ഥ പരിഹരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.