ആലപ്പുഴ: നെൽവില വിതരണത്തിലെ അനാസ്ഥയ്ക്കെതിരെ അപ്പർ കുട്ടനാട് സ്വതന്ത്ര നെൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ മാവേലിക്കര എസ്.ബി.ഐ റീജിയണൽ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തും.

സർക്കാർ സപ്ലെകോ വഴി കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില ജൂൺ 30 വരെ വിതരണം ചെയ്യുന്നതിന് വേണ്ടി കാനറാ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കാനറാ ബാങ്ക് ജൂൺ 30 വരെയുള്ള കർഷകരുടെ പി.ആർ.എസ് കൈപ്പറ്റി തുക വിതരണം ചെയ്തെങ്കിലും എസ്. ബി.ഐ മെയ് 19 വരെയുള്ള പേയ്മെന്റ് ഓർഡറാണ് പരിഗണിച്ചിട്ടുള്ളത്. അപ്പർ കുട്ടനാട് മേഖലയിലെ ബഹുഭൂരിപക്ഷം കർഷകർക്കും പണം ലഭിച്ചിട്ടില്ല. പുഞ്ച കൃഷി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടാം കൃഷിയുടെ പണം ലഭിക്കാത്തത് കർഷകരെ ദുരിതത്തിലാക്കി. പ്രശ്ന പരിഹാരത്തിന് എസ്.ബി.ഐ തയ്യാറാകാത്ത പക്ഷം അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിലെ മുഴുവൻ ബ്രാഞ്ചുകൾക്ക് മുന്നിലും സമരം വ്യാപിപ്പിക്കുമെന്ന് അപ്പർ കുട്ടനാട് സ്വതന്ത്ര നെൽകർഷക കൂട്ടായ്മ പ്രസിഡന്റ് ഗോപൻ ചെന്നിത്തല, സെക്രട്ടറി സുരേഷ് പായിപ്പാട്,ട്രഷറർ വിജയൻ വേലു എന്നിവർ അറിയിച്ചു.