ആലപ്പുഴ: വള്ളംകളിയുടെ ആവേശവും കുരുന്നു ഭാവനയും ഒന്നായപ്പോൾ വിടർന്നത് ഓളപ്പരപ്പിലെ വിസ്മയങ്ങൾ. ആഗസ്റ്റ് 10-ന് പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കളറിംഗ്, പെയിന്റിംഗ് മത്സരമായ നിറച്ചാർത്തിലാണ് കുട്ടികൾ വള്ളംകളിയുടെ ആവേശം നിറച്ചത്. എസ്.ഡി.വി. സെന്റിനറി ഹാളിൽ സംഘടിപ്പിച്ച മത്സരം ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മയും ജില്ല കളക്ടർ അലക്‌സ് വർഗീസും ചേർന്ന് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. നാനൂറോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. കായലിന്റെയും കരയുടെയും രേഖാചിത്രത്തിന് നിറംനൽകലായിരുന്നു എൽ.പി. സ്‌കൂൾ വിദ്യാർഥികളുടെ മത്സര വിഷയം. കുട്ടനാടൻ മഴക്കാഴ്ചയും വള്ളംകളിയുടെ ആവേശവും യഥാക്രമം യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികളുടെ മത്സരത്തിന് വിഷയമായി.
ചടങ്ങിൽ നഗരസഭ കൗൺസിലറും പബ്ലിസിറ്റി കമ്മിറ്റി അംഗവുമായ സിമി ഷാഫി ഖാൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷർ ഓഫീസർ കെ.എസ്. സുമേഷ്, അംഗങ്ങളായ കെ. നാസർ, സുഭാഷ് ബാബു, പി.കെ. ബൈജു, ജലാൽ അമ്പനക്കുളങ്ങര, രമേശൻ ചെമ്മാപറമ്പിൽ, അബ്ദുൾ സലാം ലബ്ബ, റോയ് പാലത്ര, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വിജയികൾ
എൽ.പി വിഭാഗം എയ്ബൽ ജോൺ (ജ്യോതിനികേതൻ സ്‌കൂൾ) ഗ്രേറ്റ ജെ.ജോർജ് (മാതാ സീനിയർ സെക്കൻഡറി സ്‌കൂൾ) പത്മശ്രീ ശിവകുമാർ (ലറ്റർലാന്റ് സ്‌കൂൾ) യു.പി വിഭാഗം അബിൻ സുരേഷ് (മണ്ണാറശാല യു.പി സ്‌കൂൾ) ഹരിനന്ദൻ (എസ്.ഡി.വി ബോയ്സ് എച്ച്.എസ്) അവന്തിക പി.നായർ (ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) ഹൈസ്‌കൂൾ വിഭാഗം അയാന ഫാത്തിമ (കാർമൽ അക്കാദമി ) എസ്.നവനീത് (എസ്.ഡി.വി ബോയ്സ് എച്ച്.എസ്) സുമയ്യ നൗഷാദ് (സെന്റ് ജോസഫ്‌സ് ജി.എച്ച്.എസ്.എസ്)