ചേർത്തല: നടൻ രാജൻ പി.ദേവിന്റെ 15ാമത് അനുസ്മരണവും പുരസ്‌കാര സമർപ്പണവും ആദരിക്കലും നാളെ ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.രാജൻ പി.ദേവ് കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിലാണ് രാജകലയുടെ ഓർമ്മ എന്ന പേരിലെ അനുസ്മരണം. അതുല്യ നടന് ചേർത്തലയിൽ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തിൽ നിത്യ സ്മാരകത്തിനായുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി രാജൻ പി.ദേവ് കൾച്ചറൽ ഫോറം പ്രസിഡന്റ് പി.ഐ.ഹാരിസ്,ചെയർമാൻ പി.ജയപ്രസാദ്,വൈസ്‌ചെയർമാൻമാരായ മുതുകുളം സോമനാഥ്,മരുത്തോർവട്ടം കൃഷ്ണൻക്കുട്ടി,ജോയിന്റ് കൺവീനർമാരായ സാബു വിശ്വത്തിൽ,സുനിൽഅമ്പാടി,ട്രഷറർ ജി.ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു. 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷനാകും.സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ മുഖ്യാതിഥിയാകും.ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും.ജീവകാരുണ്യ പ്രവർത്തകനായ കെ.ഇ.തോമസിനും ഗാനരചയിതാവ് ഹരിദാസ് ചേർത്തലക്കും പുരസ്‌കാരം നൽകും. അമ്മയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തലയെ ആദരിക്കും.