മുഹമ്മ: ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് മുഹമ്മ ഗ്രാമത്തെ കണ്ണീരണിയിച്ച കുമരകം
ബോട്ടുദുരന്തിന്റെ ഓർമ്മകൾ ഇനി പുസ്തകത്താളുകളിൽ തേങ്ങും. ദുരന്തത്തിൽ കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞിന്റേത് ഉൾപ്പടെ 29 പേരുടെ ചിത്രങ്ങൾ അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ച പുസ്തകങ്ങൾ ഒഴുകുന്ന വായനശാലയ്ക്ക് നൽകിക്കൊണ്ട് മുഹമ്മ ആര്യക്കര എ.ബി വിലാസം ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് വ്യത്യസ്തമായ അനുസ്മരണം സംഘടിപ്പിച്ചത്. രാജ്യത്ത് ആദ്യമായി ബോട്ടിൽ പുസ്തക ശാല സജ്ജീകരിച്ചതിന്റെ ഖ്യാതിയും ഈ എൻ.എസ്.എസ് യൂണിറ്റിനാണ്.
ബോട്ട് അപകത്തിൽ മരിച്ച മുഹമ്മ മറ്റത്തിൽ ഷൈനിയുടെ അച്ഛൻ എം.കെ.സുകുമാരനും സഹോദരൻ ഷാജിയും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. ഇവരുടെ വീട്ടു മുറ്റത്ത് ഓർമ്മയ്ക്കായി പ്ളാവിൻ തൈയും നട്ടു. വായനശാലയ്ക്ക് മറ്റുള്ളവർ നൽകിയ പുസ്തകങ്ങൾ സ്ക്കൂൾ മാനേജർ ജെ. ജയലാൽ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് കെ.എസ് ലാലിച്ചൻ അദ്ധ്യക്ഷനായി.പ്രിൻസിപ്പാൾ കുഞ്ചെറിയ, പ്രോഗ്രാം ഓഫീസർ എ.വി.വിനോദ്, അദ്ധ്യാപകരായ എൽ.അർച്ചന,എൻ.പി.വിപിൻ,എം.എസ്. ശിവ പ്രിയ അക്ഷയ്, ഐശ്വര്യ, അനീഷ്, അമൃത് ശങ്കർ എന്നിവർ സംസാരിച്ചു.
ആര്യക്കര അരങ്ങ്, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എൻ.വി സ്കൂൾ, പാസഞ്ചേഴ്സ് അസോസിയേഷൻ എന്നിവരും പതിവുപോലെ അനുസ്മരണ ചടങ്ങുകൾ സംഘടിച്ചു. അരങ്ങ് സംഘടിപ്പിച്ച പരിപാടിയിൽ ജീമോൻ മുഹമ്മ എഴുതി ആലപ്പി ഋഷികേശ് സംഗീതം നൽകിയ അനുസ്മരണ ഗാനം ഷിബു അനിരുദ്ധ്,അനന്യ പി. അനിൽ എന്നിവർ ചേർന്ന് ആലപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അനുസ്മരണ പ്രഭാഷണം നടത്തി. ആലപ്പി ഋഷികേശ് അദ്ധ്യക്ഷനായി.ഫാ.സാംജി വടക്കേടം, ഡോ.സിറാബുദ്ദീൻ, ആർട്ടിസ്റ്റ് ബേബി,സി.കെ.മണി ചീരപ്പൻ ചിറ,ബേബി തോമസ്, എന്നിവർ സംസാരിച്ചു.സി.പി.ഷാജി സ്വാഗതവും ബേബിച്ചൻ നന്ദിയും പറഞ്ഞു.