ചാരുംമൂട്: കാട്ടുപന്നികളിൽ നിന്നും കാർഷിക വിളകൾ സംരക്ഷിക്കുന്നതിനായി പാലമേൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്ലസ്റ്ററുകളിലും സോളാർ വേലികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇന്നലെ പഞ്ചായത്ത് വിളിച്ചു ചേർത്ത കർഷക സഭയിലാണ് തീരുമാനമുണ്ടായത്. ഓരോ ക്ലസ്റ്ററുകളും കേന്ദ്രീകരിച്ചാവും പദ്ധതി നടപ്പാക്കുക. പാലമേൽ എ -ഗ്രേഡ് കാർഷിക സമിതി അങ്കണത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശശി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാജശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കർഷകർ,പാട്ട കർഷകർ,പാടശേഖര സമിതി - പാലമേൽ എ - ഗ്രേഡ് കാർഷിക സമിതി അംഗങ്ങൾ എന്നിവർ കർഷകസഭയിൽ പങ്കെടുത്തു.