photo

ആലപ്പുഴ: അത്തിത്തറ-കാവിത്തോട് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന നഗരസഭാ അദ്ധ്യക്ഷ കെ.കെ.ജയമ്മയുടെ വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അംഗം കൗൺസിൽ ബഹിഷ്‌കരിച്ചത് ഭരണപക്ഷത്തിന് തിരിച്ചടിയായി. പഴവീട് കൗൺസിലർ സി.അരവിന്ദക്ഷനാണ് അത്തിത്തറ റോഡ് നന്നാക്കാൻ നടപടിയായില്ലെന്ന് ആരോപിച്ച യോഗം ബഹിഷ്‌കരിച്ചത്. 50 ലക്ഷംരൂപയുടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിനായി

നാലുവർഷം മുമ്പാണ് അത്തിത്തറ റോഡ് പൊളിച്ചിട്ടത്. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിക്കുമെന്ന് പ്രദേശവാസികൾ പ്രഖ്യാപിച്ചപ്പോൾ,​ ചെയർപേഴ്സൺ കെ.കെ.ജയമ്മ,​ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം എന്നിവർ എത്തി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റോഡിന്റെ നവീകരണം ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് പ്ളേക്കാർഡുമായി അരവിന്ദാക്ഷൻ യോഗം ബഹിഷ്കരിച്ചത്.

മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ വീഴ്ച

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ നഗരസഭ കൗൺസിൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പലയിടങ്ങളിലും മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് കേസുകളും നിൽക്കുന്നുണ്ട്. പലപ്പോഴും പരാതി ഉയരുമ്പോൾ നോട്ടീസ് നൽകുന്നതിൽ മാത്രം നഗരസഭയുടെ നടപടികൾ ഒതുങ്ങുകയാണെന്ന് സ്റ്റേഡിയം വാർഡ് കൗൺസിലർ ബി.അജേഷ് കുറ്റപ്പെടുത്തി. നഗരത്തിലെ അപകടകരമായ പരസ്യബോർഡുകൾ സംബന്ധിച്ച് പരിശോധനകളുണ്ടാകണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിയാത്തതും യോഗത്തിൽ ചർച്ചയായി.

ചെയർപേഴ്സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു.