ആലപ്പുഴ: വാഹനാപകടത്തിൽ മരിച്ച അമ്മയുടെ ആശ്രിത നഷ്ടപരിഹാരത്തിന് മകന് അർഹതയില്ലെന്ന് കോടതി. മകൻ ഓടിച്ച ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവേ അപകടത്തിൽ അമ്മ മരിച്ച കേസിലാണ് ആലപ്പുഴ അഡിഷണൽ മോട്ടോർ ആക്‌സിഡന്റ് ക്ലയിംസ് ട്രൈബ്യൂണൽ-3 ജഡ്ജി റോയി വർഗീസിന്റെ വിധി. 2010 ജൂലായ് 16ന് ദേശീയ പാതയിൽ ആലപ്പുഴ തുറവൂർ പുത്തൻചന്തയിലുണ്ടായ അപകടത്തിൽ ആലപ്പുഴ എരമല്ലൂർ ചക്കാലപ്പറമ്പിൽ വിജയകുമാരിയാണ് മരിച്ചത്. വിജയകുമാരിയുടെ മകൾ വാഹനാപകട നഷ്ടപരിഹാര കേസ് നൽകി. വിജയകുമാരിയുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടായിട്ടില്ലെന്നും എന്നാൽ മകന്റെ ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായതായും കോടതി നിരീക്ഷിച്ചു. ഹർജിക്കാരിയായ മകൾക്ക് 7,98,000 രൂപയും ഏഴു ശതമാനം വാർഷിക പലിശയും നൽകാനും വിധിച്ചു. ഹർജിക്കാരിക്കു വേണ്ടി അഡ്വക്കറ്റുമാരായ എസ്.ജ്യോതികുമാർ, അശ്വനി എസ്.ബാബു എന്നിവർ ഹാജരായി.