മാവേലിക്കര: ആത്മബോധോദയ സംഘം കൊറ്റാർകാവ് ശ്രീശുഭാനന്ദാദർശാശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 74ാമത് മഹാസമാധി ദിനാചരണവും 41 ദിനാചണവും ഇന്ന് മുതൽ സെപ്തംബർ 6 വരെ നടക്കും. ഇന്ന് രാവിലെ 11ന് അനുസ്മരണ ദിനയാത്ര നടക്കും. ആശ്രമാങ്കണത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര നഗരസഭ ജംഗ്ഷനിൽ എത്തി മിച്ചൽ ജംഗ്ഷൻ, പുതിയകാവ് വഴി ആശ്രമാങ്കണത്തിൽ എത്തിച്ചേരും. സന്ന്യാസി, സന്ന്യാസിനിമാർ, കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, ശാഖ കർമ്മിമാർ, സേവാസൈന്യം അംഗങ്ങൾ, ശാഖ ഭരണസമിതി അംഗങ്ങൾ, എസ്.എസ്.വൈ.ഒ, എസ്.എസ്.എം.എസ്, ബാലസഖ്യം പ്രവർത്തകർ, ഗുരുമിത്രങ്ങൾ എന്നിവർ പങ്കെടുക്കും. 30ന് ഉച്ചയ്ക്ക് 3ന് സമാധിയിരുത്തൽ ചടങ്ങിന്റെ അനുസ്മരണ ചടങ്ങുകൾ നടക്കും. സമാപന ദിവസം വിശേഷാൽ കർമ്മങ്ങളും അന്നദാനവും നടക്കുമെന്ന് ജനറൽ സെക്രട്ടറി സ്വാമി ചിത്സ്വരൂപാനന്ദ അറിയിച്ചു.