ചേർത്തല: മത്സ്യാവശിഷ്ടങ്ങൾ കയറ്റി വന്ന കവചിത ലോറി ചേർത്തല നെടുമ്പ്രക്കാട് ടയർ പഞ്ചറായി റോഡിൽ കുടങ്ങിയതിനെ തുടർന്നുണ്ടായത് നാടകീയ സംഭവങ്ങൾ. ലോറിയിൽ നിന്ന് മലിനജലം റോഡിലോക്കൊഴുകി ദുർഗന്ധം പരന്നതിനെ തുടർന്ന് പ്രദേശവാസികൾ പരാതി പറഞ്ഞ സാഹചര്യത്തിൽ പൊലീസും നഗരസഭാ ആരോഗ്യ വിഭാഗവുമെത്തി ലോറി കസ്റ്റഡിയിലെടുത്തു. എന്നാൽ, മാലിന്യം സംസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് ഒച്ചപ്പാടിനും തർക്കങ്ങൾക്കുമിടയാക്കിയത്. നന്നാക്കിയ ലോറി നഗരസഭാവക ആനതറവെളിയിലെത്തിച്ച് മാലിന്യം കുഴിച്ചുമൂടാൻ ശ്രമിച്ചത് വലിയ തർക്കങ്ങൾക്കിടയാക്കി.നാട്ടുകാർ നഗരസഭാ അധികൃതരെ തടഞ്ഞു.കുറെ മാലിന്യം മൂടിയെങ്കിലും പ്രതിഷേധം ശക്തമായതോടെ നഗരസഭ ജീവനക്കാരും ഹരിത കർമ്മസേന അംഗങ്ങളും ചേർന്ന് അവശേഷിച്ചവ തിരികെ ലോറിയിലേക്കു കയറ്റി. മാലിന്യവുമായി ലോറി പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റിയെങ്കിലും അവിടെ ദുർഗന്ധം പരന്നതോടെ പൊലീസും വെട്ടിലായി. ഇതോടെ രേഖകൾ പരിശോധിച്ച് ലോറി വിട്ടുകൊടുക്കുകയായിരുന്നു.