muttel-school-thiranjetup

മാന്നാർ: ഉപതിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ കുട്ടംപേരൂരിൽ പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോൾ തൊട്ടടുത്ത വാർഡിൽ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ. കുട്ടംപേരൂർ മുട്ടേൽ സിറിയൻ എം.ഡി.എൽ.പി സ്കൂളിലായിരുന്നു ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് അരങ്ങേറിയത്. തിരഞ്ഞെടുപ്പിലെ വിവിധ ഘട്ടങ്ങളായ നാമനിർദ്ദേശപത്രികാ സമർപ്പണം, സൂക്ഷമ പരിശോധന, പോസ്റ്റർ പതിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ, ക്ലാസുകൾ കയറിയിറങ്ങിയുള്ള വോട്ട് പിടുത്തം എന്നിവയെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ക്രമനമ്പറും, പേരും രേഖപ്പെടുത്തിയ സ്ലിപ്പുമായി കുട്ടികൾ ക്യൂ നിന്ന് ഓരോരുത്തരായിട്ടാണ് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. പോളിംഗ് ഉദ്യോഗസ്ഥർ സ്ലിപ്പിലുള്ള പേരും ക്രമനമ്പറും പരിശോധിച്ച് ഉറപ്പ് വരുത്തി കയ്യിൽ മഷി പുരട്ടിയശേഷം മൊബൈൽ ആപ്പ് മുഖാന്തരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗപ്പെടുത്തിയായിരുന്നു വോട്ടിംഗ് ഫലപ്രഖ്യാപനം വന്നതോടെ വിജയികൾക്ക് ഹാരാർപ്പണവും ആഹ്ലാദപ്രകടനവും നടത്തിയ ശേഷമാണ് കുട്ടികൾ പിരിഞ്ഞ് പോയത്. സ്കൂൾ പ്രധാനാദ്ധ്യാപിക മറിയം.ജി, അദ്ധ്യാപകരായ ഫാത്തിമ, സുമയ്യ, അനു, സ്കൂൾ പി.ടി.എ പ്രസിഡന്റ് വിപിൻ വി.നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഒരു സ്കൂൾ തിരഞ്ഞെടുപ്പ് നടന്നത്.