prathirodha-parisheelanam

മാന്നാർ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി എന്റെ ചെങ്ങന്നൂർ സോഷ്യൽ മീഡിയ ഗ്രൂപ്പിന്റെയും സമഭാവന ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പൊലീസിന്റെ സഹകരണത്തോടെ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. നിയമ ബോധവത്കരണ ക്ലാസ്, മൊബൈൽ ഫോണിന്റെ ദുരുപയോഗങ്ങൾ, പോക്സോ നിയമം, അപകടത്തിൽ പെട്ടാൽ എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലന പരിപാടി. ചെങ്ങന്നൂർ ഡയറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. സമഭാവന വനിതാവേദി കൺവീനർ പത്മജ അദ്ധ്യക്ഷത വഹിച്ചു. വനിതാപൊലീസ് ഉദ്യോഗസ്ഥരായ സുലേഖ പ്രസാദ്, അനിത.ജെ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സജിത ഗോപി, ഡോ.കെ.ജെ ബിന്ദു, വിജി ശ്രീകാന്ത്, പ്രൊഫ.കുര്യൻ തോമസ്, ശാരിക സജിത്ത് എന്നിവർ സംസാരിച്ചു.