ആലപ്പുഴ: നീരണിഞ്ഞ് മൂന്നാം മത്സരത്തിൽ കൈപ്പിടിയിലാക്കിയ നെഹ്രുട്രോഫി കൈവിട്ടുപോകാതിരിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വീരു എന്ന വീയപുരം ചുണ്ടൻ. ഇത്തവണ അവർക്ക് കൂട്ടായി എത്തുന്നത് പഴമയുടെ പാരമ്പര്യവും കുട്ടനാടിന്റെ കരുത്തും ഇഴചേർക്കുന്ന കൈനകരി വില്ലേജ് ബോട്ട് ക്ലബാണ്. കഴിഞ്ഞ സീസണിൽ ചുണ്ടൻ വള്ളങ്ങളുടെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ 12 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയിച്ച് ലീഗ് ചാമ്പ്യനായതും വീയപുരമായിരുന്നു. ഈ മാസം പത്ത് മുതൽ ചമ്പക്കുളം പള്ളിയിൽ ക്യാമ്പാരംഭിച്ച് പരിശീലനം നടത്തുന്ന ടീം,​ ഇന്നലെ വൈകിട്ട് ട്രാക്ക് എൻട്രി നടത്തി. കൊട്ടും പാട്ടും, കൊടിയേന്തിയ വള്ളങ്ങളും ആർപ്പുവിളിയും, അകമ്പടിക്ക് കോരിച്ചൊരിയുന്ന മഴയും പെയ്യുന്ന അന്തരീക്ഷത്തിലായിരുന്നു വീരുവിന്റെ ട്രാക്ക് എൻട്രി. മഴയെ അവഗണിച്ചും ധാരാളം ജലോത്സവ പ്രേമികളാണ് വീരുവിന്റെയും വില്ലേജിന്റെയും ട്രാക്ക് എൻട്രി കാണാൻ ഫിനിഷിങ്ങ് പോയിന്റിലെത്തിയത്. മാത്യു പൗവ്വത്ത് ക്യാപ്റ്റനായ ടീമാണ് അണിനിരക്കുന്നത്. ബേബി ചാക്കോയാണ് പരിശീലകൻ. സജു സെബാസ്റ്റ്യൻ പ്രസിഡന്റും സി.ജി.വിജയപ്പൻ സെക്രട്ടറിയുമായ കൂട്ടായ്മയാണ് വില്ലേജ് ബോട്ട് ക്ലബിന് കരുത്തേകുന്നത്.

കൈനകരി വില്ലേജ് ബോട്ട് ക്ലബ് :

# 1986ൽ ക്ലബ്‌ രൂപീകരിച്ചു

#1986,1987 വ‌ർഷങ്ങളിലെ വിജയി

# രണ്ട് വർഷവും തുഴഞ്ഞത് കാരിച്ചാൽ വള്ളത്തിൽ

വീയപുരം ചുണ്ടൻ:

# 2017ൽ നിർമ്മാണം ആരംഭിച്ചു

# 2019ൽ നീരണിഞ്ഞു

കുട്ടനാടിന്റെ തനത് പാരമ്പര്യമുള്ള കൈനകരി വില്ലേജ് ബോട്ട് ക്ലബ് ഇത്തവണ കപ്പടിക്കും. ഇനി വി.ബി.സിയുടെ തിരിച്ചുവരവിന്റെ കാലമാണ്

- തുഴച്ചിലുകാർ, വില്ലേജ് ബോട്ട് ക്ലബ്