zxdfzs

മുഹമ്മ: ശാപമോക്ഷം തേടി അയ്യൻക്കോവിൽ കുളം. കരപ്പുറത്തെ പുരാതീനമായ കുളങ്ങളിൽ ഒന്നായ അയ്യൻക്കോവിൽ കുളത്തിൽ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാകുന്നു. പായൽ അഴുകാനും കുറ്റിച്ചെടികൾ വളരാനും തുടങ്ങിയതോടെ സമീപത്തെ കിണറുകളിലെയും കുഴൽക്കിണറുകളിലെയും ജലവും മലിനമാവുകയാണ്. ഇവിടെ പുരാതീനമായ ഒരു മഹാവിഷ്ണു ക്ഷേത്രം നിലനിന്നിരുന്നതായും ആക്ഷേത്രത്തീന്റെ കുളമായിരുന്നു ഇതെന്നുമാണ് പഴമക്കാർ പറയുന്നത്. പ്രദേശത്തെ നിരവധിയാളുകൾ കുളിക്കുന്നതിനും തുണി നനക്കാനും കുളത്തെ പ്രയോജനപ്പെടുത്തിയിരുന്നു. കുളത്തിലെ മലിന ജലം ഒഴുക്കിക്കളയുന്നതിനായി കാട്ടിപ്പറമ്പ് തോടുമായി കുളത്തിന് ബന്ധവും ഉണ്ടായിരുന്നു.ഇതെല്ലാം ഇന്ന് അടഞ്ഞ സ്ഥിതിയിലുമാണ്. കുളം പല ഘട്ടങ്ങളിലും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസങ്ങൾക്കു മുമ്പ് ലക്ഷങ്ങൾ മുടക്കി കുളം വെട്ടിയിരുന്നു. അന്ന് ചെളി നീക്കാതെ മാടി വെട്ടുകമാത്രമാണ് ചെയ്തതെന്ന് നാട്ടുകാരുടെ ആരോപണം. ഓരോ മഴക്കാലത്തും പുരയിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന മാലിന്യവും വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന മാലിന്യവുമാണ് കുളത്തിന് ശാപമാകുന്നത്.

...........

# നവീകരണത്തിന് ഒരുങ്ങി അയ്യൻകോവിൽ കുളം

1. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ കല്ലുകെട്ടുന്നതിനായി അനുവദിച്ചു.

2.കല്ലുകെട്ടി കുളം ശുചിയാക്കി കുളിക്കടവും സംരക്ഷണ ഗ്രില്ലും നിർമ്മിക്കും.

3.കുളക്കരയിൽ നടപ്പാതയും വിശ്രമ സ്ഥലവും ജിംനേഷ്യവും ഒരുക്കും

4. കുളം നീന്തൽ പരിശീലനത്തിനായും പ്രയോജനപ്പെടുത്തും.

.......

'' കുളം എന്നും ശുചിയായി നിലനിറുത്താനും സംരക്ഷിക്കാനുമുള്ള പദ്ധതികൾ ജില്ലാ പഞ്ചായത്തും ഭൂവികസന കോർപറേഷനുമായി ആലോചിച്ച് ഒരു കോടിയുടെ പദ്ധതികൾക്ക് രൂപം നൽകും.

വി.വിഷ്ണു, പഞ്ചായത്ത് മെമ്പർ