ആലപ്പുഴ : സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്‌സ് മോഡലിൽ നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടിയായി മഴ. ഇടവിട്ടുള്ള മഴയിൽ പല സ്കൂളുകളുടെയും ഗ്രൗണ്ടുകൾ വെള്ളക്കെട്ടായി. സബ് ജില്ലാതല മത്സരങ്ങൾ ആഗസ്റ്റ് 31നും ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 10നും പൂർത്തിയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ പറയുന്നത്.
എന്നാൽ, അതിന് മുമ്പ് സ്‌കൂതല മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. വെള്ളക്കെട്ടായ ഗ്രൗണ്ടുകളിൽ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന് സ്‌പോട്സ് സെക്രട്ടറിമാർ ഡി.ഡിമാരോട് വ്യക്തമാക്കി കഴിഞ്ഞു. കൂടിയാലോചന നടത്താതെയുള്ള സർക്കലറിനെതിരെ പ്രതിഷേധവും വ്യാപകമാണ്. ജില്ലാതലത്തിൽ 3500 ഓളം കുട്ടികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്. എന്നാൽ, മഴകാരണം ജില്ലയിലെ പ്രധാന ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ഇതുകാരണം, കുട്ടികളെ സെലക്ട് ചെയ്യാനോ പരിശീലനം നൽകാനോ കഴിഞ്ഞിട്ടില്ല. കുട്ടനാട് പോലുള്ള താലൂക്കുകളിൽ മത്സരത്തിന് ഗ്രൗണ്ട് പോലും കിട്ടാത്ത അവസ്ഥയുണ്ട്.
ആവശ്യത്തിന് കായിക അദ്ധ്യാപകരുമില്ല
ജില്ലയിലെ 11ഉപജില്ലകളിലെയും മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക കായിക അദ്ധ്യപകർക്കുമുണ്ട്
700 സ്‌കൂളുകൾ ഉള്ള ജില്ലയിൽ 63കായിക അദ്ധ്യാപകർ മാത്രമാണുള്ളത്. സബ് ജില്ലാതല മത്സരങ്ങൾ നടത്താനാവശ്യമായ അംഗബലമില്ലെന്ന് ചുരുക്കം
500 കുട്ടികളുള്ള സ്‌കൂളിൽ ഒരു കായികാദ്ധ്യാപകൻ എന്നതാണ് സർക്കാരിന്റെ മാനദണ്ഡം. അങ്ങനെയെങ്കിൽ ജില്ലയിൽ 500സ്‌കൂളിലെങ്കിലും കായികാദ്ധ്യാപകരെ നിയമിക്കേണ്ടതുണ്ട്
8,9 ക്ളാസുകളിൽ 5 ഡിവിഷൻ ഇല്ലാത്തതിന്റെ പേരിലും നിയമനം നടക്കാത്ത അവസ്ഥയുണ്ട്. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പരിഷ്കരിക്കാത്ത കെ.ഇ.ആറിന്റെ തലയിൽ വയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ഉപജില്ല :11
സ്കൂളുകൾ : 700
കായികാദ്ധ്യാപർ : 63
മത്സരഇനങ്ങൾ : 40