ആലപ്പുഴ: കരളകം വാർഡിലെ തോട്ടോത്തോട് പ്രദേശത്തെയും നെഹ്റുട്രോഫി വാർഡിനെയും ബന്ധിപ്പിക്കുന്ന കടത്ത്കടവ് ഭാഗം കൂരിരുട്ടിൽ.കടത്ത്കടവിൽ വെളിച്ചമില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സന്ധ്യകഴിഞ്ഞാൽ പ്രദേശം ഇരുട്ടിലാണ്. അക്കരെ കടവിലെ വീട്ടിലെ വെളിച്ചം മാത്രമാണ് പ്രദേശത്ത് ആകെ ആശ്രയം. ആരെങ്കിലും അബദ്ധവശാൽ കാൽ വഴുതി വെള്ളത്തിൽ വീണാൽ രക്ഷിക്കാൻ പോലും ഇരുട്ട് തടസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് മയക്കുമരുന്ന് വ്യാപാരം വർദ്ധിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. നിരന്തരമായ പരാതികൾക്കൊടുവിൽ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് ലൈറ്റ് സ്ഥാപിക്കാൻ ഉത്തരവായെങ്കിലും പദ്ധതി മുന്നോട്ട് നീങ്ങിയില്ല. രാവിലെ 7 ന് ആരംഭിക്കുന്ന കടത്ത് സർവീസ് രാത്രി 8 വരെയുണ്ട്.

........

 സാമൂഹ്യവിരുദ്ധ ശല്യം

രാത്രിയുടെ മറവിൽ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. പാലമില്ലാത്തതിനാൽ ജനങ്ങൾ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലാണ് പാർക്ക് ചെയ്യുന്നത്. വാഹനങ്ങളിൽ നിന്ന് പെട്രോൾ ഉറ്റുക, സീറ്റ് നശിപ്പിക്കുക, ലൈറ്റ് ഊരിയെടുക്കുക തുടങ്ങിയ അതിക്രമങ്ങൾ പലപ്പോഴും നടക്കാറുണ്ട്.

..........

''തോട്ടോത്തോട് കടത്ത് കടവിൽ മിനിമാസ് ലൈറ്റ് സ്ഥാപിക്കുന്നതിന് അധികൃതർ തീരുമാനമെടുത്തിട്ടും നടപ്പായിട്ടില്ല. സന്ധ്യ കഴിഞ്ഞാൽ പ്രദേശത്ത് സഞ്ചരിക്കാൻ ഭയമാണ്

-അജയഘോഷ്, നാട്ടുകാരൻ