മാന്നാർ: ബസുകൾ കയറാതായതോടെ യാത്രക്കാരും മാന്നാർ ബസ് സ്റ്റാൻഡ് കയ്യൊഴിഞ്ഞു. എസ്.രാമചന്ദ്രൻപിള്ള എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2000 ൽ നിർമ്മിച്ച മാന്നാർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡ് തിരുവല്ല-കായംകുളം സംസ്ഥാനപാതയിൽ നിന്നും 100 മീറ്റർ മാറി സ്റ്റോർ ജംഗ്‌ഷനിൽ മാന്നാർ-പുലിയൂർ-ചെങ്ങന്നൂർ പാതയോരത്താണ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനപാതയിൽ നിന്ന് നൂറുമീറ്റർ മാറിയായതിനാൽ ദൂരക്കൂടുതലും ചുറ്റിക്കറക്കവും കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ ആദ്യ കാലങ്ങളിൽ സ്റ്റാൻഡിൽ കയറിയിരുന്നില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാന്നാറിൽ ബസ് സ്റ്റാൻഡ് ഉണ്ടെന്ന് പോലും അറിയുകയില്ല. സാമൂഹ്യ പ്രവർത്തകർ കോടതി കയറിയതിന്റെ ശ്രമഫലമായിട്ടാണ് ഏറെക്കുറെ ബസുകൾ സ്റ്റാൻഡിൽ കയറിത്തുടങ്ങിയത്. നാളുകൾ പിന്നിട്ടപ്പോൾ വീണ്ടും ബസുകൾ കയറാതായതിനെ തുടർന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് നടപടി എടുത്തതിനെ തുടർന്ന് സ്റ്റാൻഡിൽ കയറിത്തുടങ്ങിയ ബസുകൾ വീണ്ടും സ്റ്റാൻഡിനെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.
...........
# തകർന്ന ബസ് സ്റ്റാൻഡ്
ടാറിംഗ് മുഴുവൻ ഇളകി വെള്ളക്കെട്ടായി കിടന്ന ബസ്റ്റാൻഡിന്റെ ചെറിയ ഒരു ഭാഗം മാത്രം ടാർ ചെയ്തു.
സ്റ്റാൻഡിന്റെ കാത്തിരുപ്പ് കേന്ദ്രത്തിന്റെ സീലിംഗുകളും ബോർഡുകളും എല്ലാം ഇളകി.
..........
# അപേക്ഷ തള്ളി
രണ്ട് പതിറ്റാണ്ട് പിന്നിട്ട മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് കഴിഞ്ഞ വർഷമാണ് അംഗീകാരം ആവശ്യപ്പെട്ട് ടാൻസ്പോർട്ട് അതോറിട്ടി ചെയർമാനായ കളക്ടർക്ക് പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നൽകുന്നത്. എന്നാൽ നിരവധി പോരായ്മകൾ കണ്ടതിനെ തുടർന്ന് റോഡ് ട്രാൻസ്പോർട്ട് അതോറിട്ടി അപക്ഷ തള്ളി. നാലു ബസുകൾക്കെങ്കിലും ഒരേ സമയം പാർക്ക് ചെയ്യുവാനുള്ള സൗകര്യവും ബസുകൾ കയറി ഇറങ്ങി പോകുന്നതിനായി കൂടുതൽ സൗകര്യങ്ങളും ഒരുക്കണമെന്നാണ് പ്രധാനമായും ട്രാൻസ്പോർട്ട് അതോറിട്ടി ചൂണ്ടിക്കാട്ടിയത്.
............
'' ഈ ഭരണസമിതിയാണ് ബസ് സ്റ്റാൻഡിന്റെ അംഗീകാരത്തിനായി പരിശ്രമങ്ങൾ നടത്തിയത്. പോരായ്മകൾ പരിഹരിച്ച് ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിനായി പദ്ധതി സമർപ്പിക്കും
- ടി.വി.രത്നകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്