ldf

മാന്നാർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാന്നാർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കുട്ടംപേരൂരിൽ രണ്ടാഴ്ചക്കാലം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചു. നാളെ വോട്ടെടുപ്പ് നടക്കും. മാന്നാർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരനുൾപ്പെടെ 4 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എസ്. ചന്ദ്രകുമാർ (യു.ഡി.എഫ്), എൻ. .ശ്രീകുട്ടൻ (എൻ.ഡി.എ), സജു തോമസ് (എൽ.ഡി.എഫ്), ചന്ദ്രൻ (സ്വത) എന്നിവരാണ് സ്ഥാനാർത്ഥികൾ. കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിലാണ് പോളിംഗ് സ്‌റ്റേഷൻ. നാളെ രാവിലെ 7 നാണു വോട്ടെടുപ്പു തുടങ്ങുന്നത്. 31ന് വോട്ടെണ്ണൽ മാന്നാർ പഞ്ചായത്ത് ഓഫീസിൽ നടക്കും. മാന്നാർ പഞ്ചായത്തിലെ എറ്റവും വലിയതും കൂടുതൽ വോട്ടറുമാരുള്ള ഈ വാർഡിൽ 1836 വോട്ടർമാരാണുള്ളത്. ആകെ പതിനെട്ട് വാർഡുകളുള്ള മാന്നാർ ഗ്രാമപഞ്ചായത്തിൽ നിലവിൽ എട്ടു സീറ്റുകൾ വീതമായി തുല്യ ശക്തികളായി മാറിയ എൽ.ഡി.എഫും യു.ഡി.എഫും അധിക സീറ്റ് നേടി മേൽകൈ നേടാനുള്ള ജീവൻ പോരാട്ടം നടത്തുമ്പോൾ അംഗ സംഖ്യ ഒന്നിൽ നിന്ന് ഉയർത്താനുള്ള പോരാട്ടത്തിലാണ് ബി.ജെ.പി.