ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ഫയർഫോഴ് സ്റ്റേഷൻ വളപ്പിലെ കൂറ്റൻ ആഞ്ഞിലമരം കടപുഴുകി വീണു, വിദ്യാർത്ഥി തലനാരിഴക്ക് രക്ഷപ്പെട്ടു. മുല്ലയ്ക്കൽ തോട്ടത്തിൽ ഹൗസിൽ രതീഷിന്റെ മകൻ അഭിറാം (15) ആണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഫയർഫോഴ് വളപ്പിന്റെ തെക്കുഭാഗത്തെ വഴിയിലൂടെ അഭിറാം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറ്റിലും മഴയിലും ആഞ്ഞലിമരം ചാഞ്ഞു വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ,നിമിഷങ്ങൾക്കകം മരം വീണങ്കിലും ഭാഗ്യത്തിന് അടുത്തുള്ള തെങ്ങിൽ തട്ടിനിൽക്കുകയായിരുന്നു. മരച്ചില്ലയുടെ അടിയിൽപ്പെട്ട് അഭിറാം പിടിച്ചിരുന്ന കുട തകർന്നു. ഭയന്ന് ഓടിയ അഭിറാം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് അവർ അഭിറാമിനെ സമാധാനിപ്പിച്ച് സ്ഥത്തെത്തിയപ്പോഴേയ്ക്കും സമീപത്തെ
മതിലും മൂന്ന് വൈദ്യുതി പോസ്റ്റും തകർത്ത് ആഞ്ഞലിമരം നിലം പൊത്തിയിരുന്നു.
വൈദ്യുതി പോസ്റ്റ് തകർന്നപ്പോൾ വൈദ്യുതി കമ്പി പൊട്ടി വീണു. അഭിരാം ഓടിയ ഭാഗത്തെ വൈദ്യുതി കമ്പി പൊട്ടി വീഴാത്തതിനാൽ ദുരന്തം ഒഴിവായി. ഭയന്ന് വിറച്ച അഭിറാമിനെ സമാധാനിപ്പിച്ച് സ്റ്റേഷനിൽ ഇരുത്തിയ ഫയഫോഴ്സ് ഉദ്യോഗസ്ഥർ പിന്നീട് ബന്ധുക്കൾക്കൊപ്പമാണ് യാത്രയാക്കിയത്. തുടർന്ന് ആഞ്ഞിലമരം ഫയഫോഴ്സ് മുറിച്ചുമാറ്റി.