മാവേലിക്കര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കരയിലെ വിവിധ സ്കൂളുകളിൽ ചാന്ദ്ര മനുഷ്യൻ പര്യടനം നടത്തി.വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധം ഉണ്ടാക്കുക, അവരെ ബഹിരാകാശ വിഷയങ്ങളിൽ താല്പര്യമുള്ളവരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ടി.എം വർഗീസ് മെമ്മോറിയൽ ഹൈസ്കൂൾ വെട്ടിയാർ, സെന്റ് ജോൺസ് എം.എസ്.സി യു.പി.എസ് കുറത്തികാട്, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ മാവേലിക്കര, ഗവൺമെന്റ് മോഡൽ യു.പി.എസ് ചെന്നിത്തല എന്നീ സ്കൂളുകളിൽ പരിപാടി അവതരിപ്പിച്ചു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ സ്മരണാർത്ഥമാണ് പരിപാടി അവതരിപ്പിച്ചത്. ചാന്ദ്ര മനുഷ്യനൊപ്പം ദ്വിഭാഷിയായി പരിഷത്ത് ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രവീൺ ലാൽ, സോമരാജൻ, മേഖലാ സെക്രട്ടറി ആർ.അജിത് കുമാർ,മേഖലാ ട്രഷറർ ആർ സജീവ്, എസ്.അഭിലാഷ്, അരുൺകുമാർ എന്നിവർ പങ്കെടുത്തു. തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം ഗീതാ മുരളി, മന്മദൻപിള്ള, ഡോ.ഷെർലി.പി ആനന്ദ്, ഋഷികേശ് വിജയൻ എന്നിവർ സംസാരിച്ചു.